കൊച്ചി: ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്തതിനാലും ഭര്‍ത്താവിന്റേതായ കടമകള്‍ നിര്‍വ്വഹിക്കാത്തതിനാലും ആദ്യഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.
ഭാര്യമാര്‍ക്ക് തുല്ല്യ പരിഗണന നല്‍കാത്ത സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാരണം ഖുറാന് ഭാര്യമാരെ തുല്ല്യനിലയില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചാല്‍ സ്ത്രീയ്ക്ക് വിവാഹമോചനം നല്‍കണം- ഹൈക്കോടതി പറഞ്ഞു.
തന്നില്‍ നിന്നും വേര്‍പ്പെട്ട് പുനര്‍വിവാഹം ചെയ്ത് ജീവിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനിയായ മുസ്ലിം യുവതി നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. നേരത്തെ തലശ്ശേരി കുടുംബക്കോടതിയില്‍ നല്കിയ പരാതി തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മുസ്ലിം വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 2(8) (എഫ്) പ്രകാരമാണ് ആദ്യഭാര്യയെ അവഗണിച്ച് ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്താല്‍ സ്ത്രീക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ഹൈക്കോടതി വിധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആദ്യഭാര്യയ്ക്ക് ഭര്‍ത്താവ് സംരക്ഷണം നല്കുന്നില്ലെന്നതും വിവാഹമോചനം അനുവദിക്കുന്നതിനുള്ള കാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2019ല്‍ തന്നെ ഈ മുസ്ലിം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2014 മുതല്‍ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയാണ് യുവതി. വര്‍ഷങ്ങളായി അകന്നുകഴിയുന്നുവെന്നതും ആദ്യഭാര്യയ്ക്ക് ഭര്‍ത്താവ് മതിയായ പരിഗണന നല്‍കുന്നില്ലെന്നതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. 2014 മുതല്‍ ഭര്‍ത്താവ് ആദ്യഭാര്യയ്ക്കൊപ്പം കഴിയുന്നില്ലെന്നതും വൈവാഹികമായ തന്റെ കടമകള്‍ നിര്വ്വഹിക്കുന്നില്ലെന്നതും ഖുറാനെതിരാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ആദ്യഭാര്യയ്ക്ക് വിവാഹമോചനം നല്കി ഹൈക്കോടതി ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: