കോഴിക്കോട് : ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണ്. രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ. സുരേന്ദ്രന് അറിയിച്ചു.
സംഭവത്തെ ശക്തമായി അപലപിക്കുന്നു. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്സിനോ ബിജെപിക്കോ പങ്കില്ല. ആലപ്പുഴയില്‍ എസ്ഡിപിഐ- സിപിഎം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് ആലപ്പുഴയില്‍ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെയും പോലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് ധൈര്യം ലഭിച്ചത് പോലീസിന്റെയും സര്‍ക്കാരിന്റെയും സഹായം അവര്‍ക്ക് ലഭിക്കും എന്നതുകൊണ്ടാണ്. ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ആലപ്പുഴയില്‍ സംഘര്‍ഷാവസ്ഥയുണ്ടായിട്ടും, ബിജെപി നേതാക്കള്‍ക്കെതിരെ അക്രമമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ശനിയാഴ്ച എറണാകുളം നഗരത്തിലുള്‍പ്പെടെ കേരളത്തില്‍ പലയിടത്തും നടന്ന പ്രകോപനപരമായ പ്രകടനങ്ങളെയും മുദ്രാവാക്യങ്ങളെയും തടയാനും പോലീസ് ശ്രമിച്ചില്ല.
കൊലയാളി സംഘത്തെ സഹായിക്കുന്നവര്‍ക്കെതിരെ പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സര്‍ക്കാര്‍ ഒത്താശയോടെ താലിബാനിസം നടപ്പാക്കുകയാണ്. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ട്. അക്രമികള്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ തടയാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കണം. മുഖ്യമന്ത്രിയുടെ പ്രതികരണം വളരെ ഒഴുക്കന്‍ മട്ടിലാണ്. പിണറായി വിജയന് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കുകയാണെന്നും ആഭ്യന്തരവകുപ്പ് ദയനീയ പരാജയമാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് കേരള സമൂഹത്തിന് പൊതുവിപത്തായി മാറിയിരിക്കുകയാണ്. ഭീകരവാദികളുടെ മുന്നില്‍ ബിജെപി മുട്ടുമടക്കാന്‍ തയാറല്ലെന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരേ ശക്തമായ പ്രചരണം ബിജെപി നടത്തുമെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: