കരുനാഗപ്പള്ളി: കൊവിഡ് ഉള്‍പ്പടെയുള്ള ദുരിതകാലങ്ങളില്‍ അമൃതാനന്ദമയീ മഠം കാഴ്ചവയ്ക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അമൃതശ്രീയുടെ പതിനേഴാം വാര്‍ഷികത്തില്‍ 35 കോടി രൂപയുടെ സഹായ ധന വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികളോടുള്ള സ്നേഹവും പരിഗണനയുമാണ് അമ്മ. സ്ത്രീശാക്തീകരണത്തിനായി അമ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം അമൃതപുരി ആശ്രമത്തില്‍ ഇന്നലെ നടന്ന വാര്‍ഷിക പരിപാടിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, എംഎല്‍എമാരായ സി.ആര്. മഹേഷ്, സുജിത് വിജയന് പിള്ള, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, അമൃത സ്വാശ്രയ സംഘം കോ-ഓര്‍ഡിനേറ്റര്‍ രംഗനാഥന് എന്നിവരും പങ്കെടുത്തു.
അമൃതശ്രീ പദ്ധതി പ്രശംസാര്‍ഹം: വി. മുരളീധരന്
ലോകത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം സ്ത്രീകളാണ്. തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വര്‍ധിപ്പിക്കാനുള്ള അമൃതശ്രീ പദ്ധതിയുടെ ശ്രമം പ്രശംസാര്‍ഹമാണ്. സ്ത്രീകളുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ അമൃതശ്രീ പദ്ധതിയിലൂടെ കഴിഞ്ഞു. സഹായിക്കുക എന്ന പ്രവൃത്തി മാത്രമല്ല അമൃതശ്രീ പദ്ധതി ചെയ്തത്. സ്ത്രീകളെ സ്വയം സംരംഭകരാകാന്‍ പ്രാപ്തമാക്കി.
സ്ത്രീകള്‍ ധീരരും നിര്‍ഭയരുമാകണം: മാതാ അമൃതാനന്ദമയീ ദേവി
സ്ത്രീകളെന്നും ധീരരായിരിക്കണം, നിര്‍ഭയരായിരിക്കണം, ആത്മവിശ്വാസമുള്ളവരുമായിരിക്കണം. മനോപക്വത ഇല്ലാത്തവരാണ് സ്ത്രീകളെന്ന് പൊതുധാരണയുണ്ട്. ആ വാക്കുകളില്‍ തളരാതെ കര്മധീരതയിലൂടെയും മനോഭാവത്തിലൂടെയും അത്തരം വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കണം. മാതൃശക്തിയാണ് പ്രപഞ്ചത്തിനാധാരം.
അമൃതശ്രീ
സുനാമിയുടെ പശ്ചാത്തലത്തില്‍ 2004-ലാണ് വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതി ആരംഭിക്കുന്നത്. 21 സംസ്ഥാനങ്ങളിലായി 15,000ത്തിലധികം സംഘങ്ങളും രണ്ടര ലക്ഷത്തിലധികം അംഗങ്ങളും അമൃതശ്രീ പദ്ധതിയിലുണ്ട്. 50 കോടി രൂപയാണ് മാതാ അമൃതാനന്ദമയീ മഠം ചെലവാക്കിയത്. 35 കോടി രൂപയുടെ അധിക സഹായം ഉടന്‍ നടപ്പാക്കും. ഇതോടെ, 2020ല്‍ കൊവിഡ് ആരംഭിച്ചതിന് ശേഷം നല്കിയ ആകെ സാമ്പത്തിക സഹായം 85 കോടി രൂപയോളമാകും.
2020ല്‍ കൊവിഡ് പകര്‍ച്ചവ്യാധി പൂര്‍ണമായി ബാധിച്ചപ്പോഴും, രാജ്യത്തുടനീളമുള്ള എല്ലാ അമൃതശ്രീ അംഗങ്ങള്‍ക്കും ഭക്ഷണക്കിറ്റുകള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചിരുന്നു. എല്ലാ വര്‍ഷവും, അമൃതശ്രീ പദ്ധതിയുടെ വാര്‍ഷികത്തില്‍, മഠം 30,0000 രൂപ സംഘങ്ങള്‍ നല്‍കാറുണ്ട്. അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പുതുവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ച് ലക്ഷത്തിലധികം സാരികളും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: