പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര. ആചാരപ്രധാനമാണ് ഉമാമഹേശ്വര പ്രീതിയ്ക്കായ് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന തിരുവാതിര വ്രതം. സുമംഗലികള്‍ നെടുമാംഗല്യത്തിനായി വ്രതമെടുക്കുമ്പോള്‍ കന്യകമാരുടെ പ്രാര്‍ത്ഥനയത്രയും മനസ്സിനിണങ്ങിയ വരനെ ലഭിക്കാനാണ്.
ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.
ഇത്തവണ ഇന്നു രാത്രിയിലാണ് വ്രതാനുഷ്ഠാന ചടങ്ങുകള്‍ തുടങ്ങുന്നത്. ഉദയത്തിനുമുമ്പേ കുളത്തിലിറങ്ങി തുടിച്ചു കുളിക്കണമെന്നാണ് ആചാരം. കുരവയിട്ട് ഗംഗാദേവിയെ ഉണര്‍ത്തിയ ശേഷം തിരുവാതിരപ്പാട്ടുകള്‍ പാടിയാവണം തുടിച്ചു കുളിക്കേണ്ടത്. കുളികഴിഞ്ഞ് പാതിരാപ്പൂ (ദശപുഷ്പങ്ങള്‍) ചൂടല്‍. ആട്ടവും പാട്ടും നിറയുന്ന രാവിനെ ആര്ദ്രമാക്കുന്നത് തിരുവാതിരക്കളിയുടെ ചുവടുകളാണ്. അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതിക്കൂട്ടും ഒരുക്കി വെയ്ക്കുന്നതോടെ തിരുവാതിരക്കളി തുടങ്ങും. ഗണപതി ചുവടാണ് ആദ്യം. അതുകഴിഞ്ഞ് സരസ്വതി വന്ദനം, ശിവസ്തുതി എന്നിങ്ങനെ പാട്ടുകള്‍. ഇതിന്റെ താളത്തിനൊത്ത് വീട്ടുമുറ്റത്ത് വട്ടമിട്ടാണ് തിരുവാതിരക്കളി.
എട്ടങ്ങാടി നിവേദിക്കല്‍ ആര്ദ്രാവ്രതത്തിലെ പ്രധാന ചടങ്ങാണ്. ശിവനും ഗണപതിക്കുമാണ് എട്ടങ്ങാടി നേദിക്കുക. കിഴങ്ങുവര്‍ഗങ്ങളും ഏത്തപ്പഴവും വന്‍പയറും ശര്‍ക്കരയും ചേര്‍ത്ത് പുഴുക്കു പോലെയൊരുക്കുന്ന വിഭവമാണ് എട്ടങ്ങാടി. ഇതിന് പ്രാദേശിക ഭേദങ്ങളുണ്ട്. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ വീട്ടുമുറ്റത്തെ ഉമിത്തീയില്‍ കിഴങ്ങു വര്‍ഗങ്ങള്‍ ചുട്ടെടുത്താണ് മുന്‍കാലങ്ങളില്‍ എട്ടങ്ങാടിയുണ്ടാക്കി നേദിച്ചിരുന്നത്. കൂവക്കുറുക്കാണ് മറ്റൊരു വിഭവം അഥവാ നിവേദ്യം. ഉറക്കമൊഴിച്ച് വ്രതമെടുക്കുന്ന സ്ത്രീകള്‍ ഭക്ഷിക്കുന്നതും എട്ടങ്ങാടിയും കൂവക്കുറുക്കുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: