മാനന്തവാടി : വയനാട് കുറുക്കന്മൂലയില് കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. നാട്ടുകാര്‍ക്കെതിരെ കത്തിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കടുവ ട്രാക്കിങ് ടീം അംഗമായ ഹുസൈന് കല്‍പ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്.
കടുവയുടെ സാന്നിദ്ധ്യമുള്ളതായി പരാതി നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. പുതിയിടം പുളിക്കല്‍ പണിയ കോളനിയിലെ അഖില്‍ കൃഷ്ണയുടെ പരാതിയിലാണ് പോലീസ് ഹുസൈന് കല്‍പ്പൂരിനെതിരെ കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതിനാണ് കേസെടുത്തത്.
അതേസമയം വനപാലക സംഘവും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ വനംവകുപ്പ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പരാതിയില്‍ നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ കേസെടുത്തിരുന്നു. വിപിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
കുറുക്കന്മൂലയിലെ ജനവാസ മേഖലയില്‍ ശനിയാഴ്ചയും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് കടുവയുടെ കാല്പാടുകള് കണ്ടെത്തിയത്. രണ്ട് ദിവസമായി പയ്യമ്പള്ളി, കൊയ്ലേരി മേഖലകളില്‍ തമ്പടിച്ച കടുവയാണ് വീണ്ടും കുറുക്കന്മൂലയിലേക്ക് എത്തിയത്. രാവിലെ 8 മണിയോടെയാണ് നാട്ടുകാര്‍ കടുവയുടെ കാല്പാടുകള് കണ്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വനമേഖലയിലേക്കാണ് കടുവ കടന്നത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിസരമാകെ വളഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ഇരുപത് ദിവസമായി ജനവാസമേഖലയില്‍ ചുറ്റിനടക്കുന്ന കടുവയെ ഇനിയും പിടിക്കാനായിട്ടില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ഉത്തരമേഖല സിസിഎഫ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: