തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ ഒരു വശത്ത് എതിര്‍ക്കുമ്പോഴും മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ പദ്ധതിയെ അനുകൂലിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അഭിനന്ദിക്കുകയും ചെയ്തതിനോട് പ്രതികരിക്കവേയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഇരട്ട സമീപനമാണ് സ്വീകരിക്കുന്നത്. പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോണ്‍ഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം പദ്ധതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ നടപടികളിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായ തരൂരിന്റെ നടപടികളില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉടലെടുത്തിട്ടുണ്ട്. വിഷയത്തില്‍ തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് കെ. സുധാകരന് അറിയിച്ചത്.
പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി. പാര്‍ട്ടി ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്താല്‍ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: