പൊന്‍കുന്നം (കോട്ടയം): മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റബ്ബര്‍ ബോര്‍ഡ് പുതുകൃഷിക്കുള്ള ധനസഹായ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ‘സര്‍വ്വീസ്പ്ലസ്’ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫീല്‍ഡ് സ്റ്റേഷനുകളോ റീജണല്‍ ഓഫീസുകളോ വഴി കര്‍ഷകര്‍ക്ക് നല്‍കാമായിരുന്നു.
രാജ്യത്തെ റബ്ബര്‍ കൃഷി വ്യാപനം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് ആവിഷ്കരിച്ച പദ്ധതിയാണ് റബ്ബര്‍ കൃഷി വികസന പദ്ധതി. 1957ലാണ് പദ്ധതി തുടങ്ങിയത്. 2017ല്‍ റബ്ബര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ധനസഹായം നല്കാന് 2018ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അപേക്ഷ സ്വീകരിക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ കൃഷി ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം.
2017ല്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് രണ്ട് തവണയായാണ് ധനസഹായം നല്‍കിയത്. എന്നാല്‍ 2018, 2019 വര്‍ഷങ്ങളിലെ അപേക്ഷകര്‍ക്ക് ഒറ്റത്തവണയായി ധനസഹായം നല്‍കും.
ധനസഹായത്തുക
കൂടത്തൈകള്, കപ്പുതൈകള്‍ ഉപയോഗിച്ച് റബ്ബര്‍ കൃഷി ചെയ്ത പൊതുവിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്ക് ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയും പട്ടികജാതിയില്‍പെട്ട കര്‍ഷര്‍ക്ക് നാല്‍പ്പതിനായിരം രൂപയും ലഭിക്കും.
രണ്ട് ഹെക്ടര്‍ വരെയുള്ളവര്‍ക്ക് പരമാവധി ഒരു ഹെക്ടര്‍ സ്ഥലത്തിനാണ് ധനസഹായം. ആവര്‍ത്തന കൃഷി ചെയ്തവര്‍ക്കും പുതുകൃഷി ചെയ്തവര്‍ക്കും ലഭിക്കും. അപേക്ഷ നല്‍കുന്നതിന് കുറഞ്ഞ വിസ്തൃതി 0.10 ഹെക്ടര്‍ (25 സെന്റ്) ആണ്. രേഖകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിന് ധനസഹായം ലഭിക്കില്ല.
നല്‍കേണ്ട രേഖകള്‍
- വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ കോപ്പി.
- ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക് കോപ്പി. പേര്, മേല്‍വിലാസം, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് തുടങ്ങിയ സംബന്ധിച്ച രേഖകള്‍.
- കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. കൂടുതല്‍ പേജുകളുള്ളതിനാല്‍ ആധാരം അപ്ലോഡ് ചെയ്യാനുള്ള സൗകര്യം സര്‍വ്വീസ് പ്ലസ് പോര്‍ട്ടലില്‍ ലഭ്യമല്ലാത്തതിനാല്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
- തോട്ടത്തിന്റെ അതിരുകള്‍ വ്യക്തമായി രേഖപ്പെടുത്തിയ സ്കെച്ച്. സര്‍വേയര്‍ തയ്യാറാക്കിയ സര്വേപ്ലാന് ഉണ്ടെങ്കില്‍ അപ്ലോഡ് ചെയ്യാം.
- തൈകള്‍ വാങ്ങിയ ബില്ല് ഉണ്ടെങ്കില്‍ അപ് ലോഡ് ചെയ്യണം. ഇല്ലാത്തവര്‍ തൈകള്‍ വാങ്ങിയതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സത്യവാങ്മൂലം നല്കിയാല് മതി.
- കൂട്ടുടമസ്ഥതയിലുള്ള സ്ഥലമാണെങ്കില്‍ ഉടമകളില്‍ ഒരാളെ ധനസഹായം വാങ്ങാന്‍ ചുമതലപ്പെടുത്തുന്ന നോമിനി ഫോം പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം.
- പട്ടികജാതി വിഭാഗത്തിലുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: