ഭീഷ്മര്‍ രണ്ടുകാരണങ്ങളാല്‍ പാണ്ഡവരെ കൊന്നില്ല. ഒന്ന്- പാണ്ഡവര്‍ക്ക് അവധ്യത്വമുണ്ട് (പാണ്ഡവരെ ആര്‍ക്കും വധിക്കാന്‍ സാധിക്കില്ലെന്ന അവസ്ഥയുണ്ട്). രണ്ട്- മുന്നില്‍ വന്നുനിന്ന ശിഖണ്ഡിക്ക് സ്ത്രീത്വത്തമുണ്ട്. ഭീഷ്മര്‍ക്ക് അച്ഛന്റെ അനുഗ്രഹംകൊണ്ട് സ്വച്ഛന്ദമൃത്യുത്വവുമുണ്ട്. പോരില്‍ അവധ്യത്വവുമുണ്ട്.
എങ്കിലും ശിഖണ്ഡിയുമായി മുഖാമുഖം കണ്ട 10-ാം ദിവസത്തെ യുദ്ധത്തില്‍ ഭീഷ്മര്‍ക്ക് മൃത്യുകാലമടുത്തിരുന്നു. ആ നിമിഷം അഷ്ടവസുക്കളില്‍ ബാക്കി ഏഴുപേര്‍ ആകാശത്തുവന്നുനിന്ന്-‘ഉണ്ണീ നീയീ നിശ്ചയിച്ചത് ഞങ്ങള്‍ക്കും ഇഷ്ടമാണ്. മഹാരാജാ, അതുചെയ്യൂ, രണോദ്ധ്യമം പിന്‍വലിക്കൂ’ എന്നു പറഞ്ഞുകൊണ്ട് ദേവലോകത്തുനിന്നു പുഷ്പവൃഷ്ടിചെയ്തു.
വസുക്കള്‍ പറഞ്ഞ വാക്യങ്ങള്‍ ഭീഷ്മരും, ദിവ്യാനുഗ്രഹമുണ്ടായിരുന്നതുകൊണ്ടു സഞ്ജയനും മാത്രമേ കേട്ടുള്ളൂ. ദേവന്മാര്‍പോലും സംഭ്രമിച്ചു നില്‍ക്കെ ഭീഷ്മര്‍ ശരമേറ്റു തേരില്‍നിന്നു താഴെ വീണു.
ശരശയ്യയില്‍ കിടന്നു വിഷമിച്ച ഭീഷ്മരുടെ തലയുയര്‍ത്താന്‍ അര്‍ജ്ജുനന്‍ ശരങ്ങളെക്കൊണ്ടുതന്നെ തലയണതീര്‍ത്തു. പിന്നീട് ദാഹത്തിനു കുടിനീര്‍ ചോദിച്ച ഭീഷ്മര്‍ക്ക് ദുര്യോധനാദികള്‍ പലപല പേയങ്ങളും ഭോജ്യങ്ങളുമെത്തിച്ചു. അതെല്ലാം നിരസിച്ചശേഷം അദ്ദേഹം അര്‍ജ്ജുനനോട് ദാഹജലം ആവശ്യപ്പെട്ടു.
അര്‍ജ്ജുനന്‍ ഗാണ്ഡീവത്തോടുകൂടി വലംവെച്ച് നമസ്‌കരിച്ചശേഷം പര്‍ജ്ജന്യാസ്ത്രമെടുത്ത് ഭീഷ്മന്റെ വലതുഭാഗത്തുള്ള ഭൂമിപിളര്‍ന്ന് അതില്‍നിന്നു വിനിര്‍ഗ്ഗളിച്ച പനിനീര്‍പോലുള്ള ജലം കുടിക്കാന്‍ അവസരമുണ്ടാക്കി. മറ്റുള്ളവരെല്ലാം അത്ഭുതത്തോടെ നോക്കിനില്‍ക്കെ ദുര്യോധനന്റെ മുഖം മഞ്ഞളിച്ചു. ഭീഷ്മര്‍ സന്തുഷ്ടനായി അര്‍ജ്ജുനനെ അനുഗ്രഹിച്ചു.
അനന്തരം യുദ്ധം അവസാനിപ്പിച്ചു സഖ്യത്തിലെത്താന്‍ ദുര്യോധനനെ ഉപദേശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ അര്‍ജ്ജുനന്റെ പര്‍ജ്ജന്യാസ്ത്ര പ്രയോഗത്തെക്കുറിച്ച് ദുര്യോധനനോട് പറഞ്ഞു- ‘ധീരശാലിയായ അര്‍ജ്ജുനന്‍ കുളിര്‍ത്തതും അമൃതംപോലുള്ളതും ഗന്ധാഢ്യയുമായ ജലധാരയുണ്ടാക്കിയതു നീ കണ്ടോ ദുര്യോധനാ! ഇതുചെയ്യാന്‍ ഇന്നാട്ടില്‍ മറ്റാരുമില്ല. ആഗ്നേയം, വാരുണം, സൗമ്യം, വായവ്യം, വൈഷ്ണവം, ഐന്ദ്രം, പാശുപതം, ബ്രാഹ്മം, പാരമൈഷ്ടികം, ദൈവതം ഇതെല്ലാം ഈ മര്‍ത്ത്യലോകത്തില്‍ ഒരാളറിയും; അര്‍ജ്ജുനന്‍, ദേവകീസൂനുവായ ഗോവിന്ദനും. മറ്റാര്‍ക്കും അറിയില്ല ദുര്യോധനാ! ‘ (ഭീഷ്മപര്‍വ്വം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: