റിയ ടി. കൊച്ചുമോന്
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലാഭകരമായി ആരംഭിച്ച ടൂര്‍ സര്‍വീസുകള്‍ അട്ടിമറിക്കാന്‍ വകുപ്പിനുള്ളില്‍ നിന്നു തന്നെ നീക്കം. വിവിധ ഡിപ്പോകള്‍ ടൂര്‍ സര്‍വീസുകള്‍ വിജയകരമായി നടത്തുമ്പോഴാണ് തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ബജറ്റ് ടൂറിസം സെല്‍ ഈ പദ്ധതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ചാലക്കുടിയില്‍ ആരംഭിച്ച ജംഗിള്‍ സഫാരിക്ക് ബജറ്റ് ടൂറിസം സെല്‍ കടിഞ്ഞാണിട്ടു കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ സൗത്ത് സോണ്‍ ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് ടൂര്‍ സര്‍വീസുകള്‍ വന്‍ വിജയം കണ്ടിരുന്നു. സമാന രീതിയില്‍ സര്‍വീസുകള്‍ തുടങ്ങാന്‍ കൂടുതല്‍ ഡിപ്പോകള്‍ രംഗത്ത് വന്നതോടെയാണ് ചീഫ് ഓഫീസ് ലോബി നിയന്ത്രണം കൊണ്ടുവരുന്നത്. ഈ സെല്ലിന്റെ അനുമതിയില്ലാതെ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കരുത് ഉത്തരവ്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിക്കു വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണമുയരുന്നത്.
പെരുമ്പാവൂരില്‍ നിന്നും എംഎല്‍എ നിര്‍ദേശിച്ച ടൂര്‍ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ടൂറിസം സെല്‍ അത് പൂഴ്ത്തിവച്ചിരിക്കുന്നതായും ആരോപണമുണ്ട്്. സ്വകാര്യ ടൂര്‍ കമ്പനികളുമായി ടൂറിസം സെല്‍ ചുമതലക്കാര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പരാതിപ്പെടുന്നത്്.
ചാലക്കുടിയില്‍ നിന്നാരംഭിച്ച ടൂര്‍ സര്‍വീസ് ചാലക്കുടി ഡിപ്പോയില്‍ നിന്നു തന്നെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും ചീഫ് ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത് വിജയകരമായതോടെയാണ് ലോബികളുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇക്കോ ടൂറിസം പ്രദേശങ്ങളിലൂടെ പാണിയേലി പോരിലേക്കുള്ള ഒരു യാത്രയ്ക്ക് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് അനുമതി തേടി ചീഫ് ഓഫീസിലേക്ക് അയച്ച സാധ്യതാപഠന റിപ്പോര്‍ട്ട്് ടൂറിസം സെല്ലില്‍ പൂഴ്ത്തിവച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ബജറ്റ് ടൂര്‍ പ്രോഗ്രാമുകള്‍ക്കായി നിരവധി പേര് ഡിപ്പോകളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഞായറാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ വെറുതെ കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ടൂര്‍ സര്‍വീസിനായി ഉപയോഗപ്പെടുത്തണമെങ്കില്‍ പോലും തിരുവനന്തപുരത്ത് നിന്ന് അനുമതി ലഭിക്കണം. ഇതു മൂലം ബുക്കിങ് വരുമ്പോള്‍ ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ കഴിയില്ല. ഇതിനായി ഡിപ്പോകള്‍ക്ക് തന്നെ തീരുമാനമെടുക്കാനുള്ള അനുമതി നല്‍കണം എന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: