തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി, കണ്ണൂര്‍ വിസി നിയമനങ്ങളില്‍ സര്‍ക്കാരിനെതിരേ സിപിഐ രൂക്ഷ വിമര്‍ശനമുന്നയിച്ചതോടെ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത് സിപിഐ സംസ്ഥാന കൗണ്‍സിലിലാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി ആര്. ബിന്ദുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നു.
കൊവിഡ് പ്രതിസന്ധിയില്‍ ജനം പൊറുതി മുട്ടുമ്പോള്‍ ലാഭകരമല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് യോഗം വിമര്‍ശിച്ചു. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതിയെ അനുകൂലിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പ്രകടനപത്രികയില്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നായിരുന്നു കാനത്തിന്റെ മറുപടി. അതിരപ്പിള്ളി അടക്കമുള്ള വിഷയങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്കിയ പാര്‍ട്ടിയാണ് സിപിഐ എന്ന് മറക്കരുതെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.
കൗണ്‍സിലിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കാനം ആഞ്ഞടിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന് അതിനുള്ള അധികാരമില്ലെന്ന് കാനം പറഞ്ഞു.
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. പിജി ഡോക്ടര്‍മാരുടെ സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കാത്തതിലും കാനം വിയോജിപ്പ് തുറന്നു പറഞ്ഞു. രോഗികളെ ബാധിക്കുന്ന സമരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നായിരുന്നു വിമര്‍ശനം.
സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര് സിപിഐയിലേക്ക് വരുമെന്നു കാനം പറഞ്ഞതും മുന്നണിയില്‍ ഇനിയുള്ള ദിവസങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സിപിഐയില്‍ നിന്ന് പോയവരാണ് സിപിഎമ്മിലുള്ളവര്‍. സിപിഐയിലേക്ക് വരാനുള്ളവരുടെ കാര്യത്തില്‍ ചിലത് സസ്പെന്‍സായി നില്‍ക്കട്ടെയെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: