കൊട്ടാരക്കര: ആഗസ്ത് ആറിന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള സപ്ലൈകോ ഗോഡൗണില്‍ പഴകി പുഴുത്ത അരി അമോണിയം സള്‍ഫേറ്റ് ഉപയോഗിച്ച് ചാക്കിലാക്കി സ്കൂള്‍ കുട്ടികള്‍ക്ക് എത്തിക്കാനുള്ള നീക്കം ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കു ഇവിടം വേദിയാകുകയും പോലീസ് ഇടപെട്ട് അരി ഭക്ഷ്യസുരക്ഷാവകുപ്പിന് പരിശോധനയ്ക്കു അയച്ചിരുന്നു. ആദ്യപരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്നും വിഷാംശം അടങ്ങിയിട്ടുണ്ടെന്നു റിപ്പോര്‍ട് വരുകയും വീണ്ടും കൂടുതല്‍ പരിശോധനയില്‍ പഴകിയ അരി ഒരു തരത്തിലും ഭക്ഷ്യയോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടില്‍ സപ്ലൈകോ ഗോഡൗണ്‍ സീല്‍ ചെയ്തു അടച്ചു പൂട്ടുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടു ബിജെപി പലതവണയും കോണ്‍ഗ്രസും ഉപഭോക്തൃസമിതിയുമൊക്കെ പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളം സര്‍ക്കാര്‍ ഭക്ഷ്യവകുപ്പും സ്വീകരിച്ചു വരുന്നത്.
ഭക്ഷ്യയോഗ്യമല്ലാതിരുന്നിട്ടും സപ്പ്ളൈകോ പലതവണ അരി ഇവിടെ നിന്നും മാറ്റി കൊണ്ടുപോകാനുള്ള നീക്കം നടത്തുകയും ബിജെപി പ്രവര്‍ത്തകര്‍ തടയുകയുമായിരുന്നു. ഇപ്പോള്‍ വീണ്ടും 2500 ചാക്ക് പഴകിയ അരി പാലക്കാട്ടു സ്വകാര്യ കമ്പനിവഴി ശുചീകരണം എന്ന പേരില്‍ ഗോഡൗണില്‍ നിന്നും മാറ്റി തിരികെ ജനങ്ങളിലെത്തിക്കാനുള്ള നീക്കമുള്ളതായും അതിനെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി മണ്ഡലം കമ്മിറ്റി പറയുന്നു. പാലക്കാട്ടെ സ്വകാര്യ കമ്പനി 4.70 ലക്ഷം രൂപയ്ക്ക് കരാര്‍ എടുത്തതായ വിവരമാണ് പുറത്തുവരുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി വകുപ്പ് മന്ത്രിയും സര്‍ക്കാരും സപ്പ്ളൈക്കോ അരി വീണ്ടും എത്തിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
എന്തുവില കൊടുത്തും തടയും
പാഴാകിയതും വിഷാംശം നിറഞ്ഞതുമായ അരി വീണ്ടും ജനങ്ങളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി എന്ത് വിലകൊടുത്തും തടയും. കേരളസര്‍ക്കാറും സപ്ലൈകോയും ഇപ്പോള്‍ ഭക്ഷ്യസുരക്ഷാവിഭാഗവും കന്നുകാലികള്‍ക്ക് പോലും ഭക്ഷ്യയോഗ്യമല്ലാത്ത അരി പാലക്കാട്ടു കൊണ്ടുപോയി ശുചീകരിച്ച് തിരിച്ചെത്തിക്കാനുള്ള നീക്കമാണ്. ഇത് അങ്ങേയറ്റം മനുഷ്യത്വമില്ലായ്മയാണ്.
അനീഷ് കിഴക്കേക്കര, ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: