തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചു. അഗസ്ത്യാര്‍കൂടത്തിനു കീഴിലും നെയ്യാര്‍, പേപ്പാറ ഭാഗങ്ങളിലും കണക്കെടുക്കുന്നുണ്ട്. നാലുവര്‍ഷം കൂടിയുള്ള സെന്‍സസിന്, പെരിയാര്‍ വന്യജീവിസങ്കേതത്തില്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
10 ബ്ലോക്കുകളായി തിരിഞ്ഞുളള പരിശോധന അടുത്ത ചൊവ്വാഴ്ചവരെ നീണ്ടുനില്‍ക്കും. ഒരു ബ്ലോക്കില്‍ നാലോ അഞ്ചോ ജീവനക്കാരുണ്ടാകും. ആഹാരസാധനങ്ങള്‍, ടെന്റിനുള്ള സാമഗ്രികള്‍ എന്നിവയുമായാണ് സംഘങ്ങള്‍ കാടുകയറിയത്. ഓരോ ദിവസവും ലഭിക്കുന്ന വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.
കടുവകളെ നേരിട്ടു കണ്ടില്ലെങ്കിലും കാഷ്ഠം, രോമം, പാദങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കിയും സാന്നിധ്യം തിരിച്ചറിയും. ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചുള്ള പരിശോധനയ്‌ക്കു പുറമേ ദിവസവും അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സംഘം സഞ്ചരിക്കും. അവസാന ദിവസങ്ങളില്‍ യന്ത്രസഹായത്തോടെ നേര്‍രേഖയില്‍ രണ്ടുകിലോമീറ്ററില്‍, 400 മീറ്റര്‍ ഇടവിട്ട് വിവരശേഖരണം നടത്തും. ശേഖരിക്കുന്ന സാമ്പിളുകള്‍ പെരിയാര്‍ വന്യജീവിസങ്കേതത്തിനു കീഴില്‍ പരിശോധിക്കുകയും കടുവകളുടെ എണ്ണം കണക്കാക്കുകയും ചെയ്യും. മുന്‍പു നടന്ന പരിശോധനയില്‍ ശെന്തുരുണിയില്‍ അഞ്ചുമുതല്‍ ഒന്‍പതുവരെ കടുവകളുടെ സാന്നിധ്യമുണ്ടായിരുന്നു.
ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജീവ് കുമാര്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സി.അജയന്‍, ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷ്‌കുമാര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഷിജു തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബിനില്‍, രാജന്‍ പിള്ള, ശ്രീകുമാര്‍, സുമേഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: