കൊച്ചി : സിപിഎം ജില്ലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം. കൊച്ചി വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ വഴി തെറ്റിയെന്നും, സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍.
ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടാന്‍ ഇരിക്കേയാണ് വഴി തെറ്റിയത്. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട മുഖ്യമന്ത്രിയെ പോലീസ് എത്തിച്ചത് യാത്രക്കാര്‍ വന്നിറങ്ങുന്ന അറൈവല്‍ ടെര്‍മിനലിലാണ്.
കാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ്് മുഖ്യമന്ത്രിക്ക് സ്ഥലം തെറ്റിയതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വഴി തെറ്റിച്ച പോലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷം മുഖ്യമന്ത്രി കാറില്‍ തിരികെ കയറി ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ ഇറങ്ങുകയായിരുന്നു.
സിപിഎം ജില്ലാ സമ്മേളനത്തിനായി തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ആലുവ പാലസില്‍ എത്തിയിരുന്നു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച തിരുവനന്തപുരത്തേക്കു തിരിച്ചപ്പോഴാണ് വഴിതെറ്റിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൈലറ്റ് സംഘത്തിനു സംഭവിച്ച പിശകാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വരാപ്പുഴ, മുനമ്പം സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കു പൈലറ്റ് ആയിപോയത്. ആലുവ പോലീസിനായിരുന്നു എസ്കോര്‍ട്ട് ചുമതല. മുഖ്യമന്ത്രിക്കൊപ്പം കമാന്‍ഡോ സംഘവും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ സംഘത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ റൂറല്‍ എസ്പിയും ഡിഐജിയും വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: