തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറയാനാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി. നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് പറഞ്ഞാല്‍ അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും. പഠിച്ചാലും ഇവിടെ ജോലിയില്ലെന്ന് തെറ്റിദ്ധരിക്കുമെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് നഷ്ടത്തിലാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ലാഭത്തിലായാലും നഷ്ടത്തിലായാലും ജനിച്ച നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് മറ്റെവിടെ തുടങ്ങുന്നതിനേക്കാള്‍ സംതൃപ്തിയുണ്ട്. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയ ശേഷം പ്രവാസികള്‍ക്ക് ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിയമത്തില്‍ ഒരുപാട് ഇളവുകള്‍ നല്കി. അതിനാലാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങാനായത്. കോഴിക്കോട്ട് തുടങ്ങുന്ന മാളിന്റെ പണി ആരംഭിച്ചു. കോട്ടയത്ത് ഉടന്‍ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിലും ലുലു മാള്‍ വ്യാപിപ്പിക്കുന്നുണ്ട്. അഹമ്മദാബാദില്‍ പണി ആരംഭിച്ചു. മധ്യപ്രദേശില്‍ ഉടന്‍ ആരംഭിക്കും. ഇലക്ട്രോണിക് രംഗത്തും ലുലു ഗ്രൂപ്പ് പ്രവേശിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കയറ്റുമതി കൊച്ചിയില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
മാളിന്റെ ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ലുലു മാള്‍. രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ആക്കുളത്തെ മാള്‍ പണികഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: