കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടത് നേതാക്കള്‍ നടത്തിയ വഴിവിട്ട ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നേരിട്ടുള്ള നിരന്തര ഇടപെടലുകള്‍ നടന്നത് എംജി സര്‍വകലാശാലയിലാണ്.
മന്ത്രിയുടെ ഇടപെടലുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ വ്യക്തി വിരോധമായെന്ന് എംജി സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ എം.ആര്. ഉണ്ണി വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജലീലിന്റെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരെ മുന്‍രജിസ്ട്രാര്‍ തെളിവുനിരത്തിയത്.
എംജി സര്‍വകലാശാല അറുപത് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ലഹരിബോധവല്‍ക്കരണ ഡോക്യുമെന്ററിയായ ‘ട്രിപ്പ്’ തന്നോടുള്ള വ്യക്തിവിരോധത്തിന്റെ പേരില്‍ കെ.ടി. ജലീല്‍ മുടക്കി. എം.ആര്. ഉണ്ണി ആയിരുന്നു ‘ട്രിപ്പി’ന്റെ സംവിധായകന്. പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സ്വപ്നപദ്ധതിയായിരുന്നു ഈ ഡോക്യുമെന്ററി. അതാണ് ജലീല്‍ ഇടപെട്ട് പെട്ടിയിലാക്കിയത്.
വൈസ് ചാന്‍സലറുടെ പല അധികാരങ്ങളേയും മറികടന്നാണ് ജലീല്‍ പലതും ചെയ്തിരുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മുന്‍ രജിസ്ട്രാറുടെ വാക്കുകള്‍. സര്‍വകലാശാലയില്‍ പ്രത്യേക അദാലത്ത് നടത്തി മാര്‍ക്ക് ദാനവും ചട്ടവിരുദ്ധനിയമനവുംനടത്തിയത് ഏറെ വിവാദമായതാണ്. ഈ സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെ തീരുമാനങ്ങള്‍ പിന്‍വലിച്ച് തലയൂരുകയായിരുന്നു.
വിദ്യാഭ്യാസമന്ത്രിയായിരുന്ന രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതി പ്രകാരം ‘സമക്ഷം’ എന്ന ഡോക്യുമെന്ററി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതും മഹാത്മാഗാന്ധി സര്‍വകലാശാലയാണ് നിര്‍മിച്ചത്. തുടര്‍ന്ന് രവീന്ദ്രനാഥിന്റെ നിര്‍ദേശ പ്രകാരമാണ് ലഹരിക്കെതിരെ സിനിമ നിര്‍മിച്ചത്.
ബോധവല്‍ക്കരണ ഡോക്യുമെന്ററി വിഭാഗത്തില്‍ വരുന്ന ഒരു ലഘുചിത്രം തടയുന്നതില്‍ ജലീല്‍ വളരെ പെട്ടന്ന് ഇടപെട്ടതില്‍ വലിയ ദുരൂഹതയുണ്ട്. മന്ത്രിക്ക് പിന്നില്‍ ആരുടെ സമ്മര്‍ദ്ദമാണുണ്ടായിരുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. യുവതലമുറയെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്ന് വിഷയം കാമ്പസുകളിലല്ലാതെ എവിടെയാണ് കാണിക്കേണ്ടതന്നും ഉണ്ണി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: