കൊച്ചി: തിരുവനന്തപുരത്ത് പോത്തന്‍കോട് ഗുണ്ടാപ്പകയെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കാലുവെട്ടിയെടുത്ത് തെരുവിലെറിഞ്ഞ സംഭവം ഭയപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി. സംഭവത്തില്‍ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി.
നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്? അക്രമികളെല്ലാം ലഹരിക്ക് അടിമകളായിരിക്കുമല്ലേ? ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം എത്ര വലുതാണ്. എന്നാല്‍ ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് ജോലിയില്ല. ഇതാണ് അവരെ ലഹരിയിലേക്കും അക്രമത്തിലേക്കും വഴിതിരിച്ചുവിടുന്നത്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു ഭൂമി പതിച്ചുനല്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. ഈ ആളുകള്‍ക്ക് വീട് നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെ, അവര്‍ക്ക് ഉപജീവന മാര്‍ഗമുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
അമ്പതു ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് ജോലിയില്ലെന്നും കോടതി വ്യക്തമാക്കി. തൊഴിലില്ലായ്മ യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്കോ മയക്കുമരുന്നുകളിലേക്കോ തിരിയുന്നതിനു കാരണമായേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ 11ന് പോത്തന്‍കോട്ട് പതിനൊന്നംഗ സംഘമാണു സുധീഷ് എന്നയാളെ വെട്ടിയ ശേഷം, കാല് മുറിച്ചെടുത്ത് റോഡില്‍ ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: