ഇരിങ്ങാലക്കുട: സിപിഎം നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ രാജിവെച്ചു. ദേവസ്വം ചെയര്‍മാന്‍ എന്ന ചുമതലക്ക് പുറമേ പ്രവാസി ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി സിഇഒ, ആര്‍ദ്രം കോ-ഓര്‍ഡിനേറ്റര്‍, കല്ലംകുന്ന് ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെയ്‌ക്കുകയാണെന്ന് പ്രദീപ് മേനോന്‍ അറിയിച്ചു.
പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം വ്യക്തമാക്കുമെന്നും പ്രദീപ് മേനോന്‍ പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടും പ്രദീപ് മേനോനെ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നില്ല. വര്‍ഷങ്ങളായി പാര്‍ട്ടി അംഗമാണെങ്കിലും ഏരിയക്കമ്മിറ്റിയിലോ ലോക്കല്‍ കമ്മിറ്റിയിലോ ഉള്‍പ്പെടുത്തിയില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് പ്രദീപ് മേനോന്‍. പാര്‍ട്ടി ആക്ടിങ് സെക്രട്ടറിയായിരുന്ന എ.വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദു സ്ഥാനാര്‍ത്ഥിയായതോടെ പ്രദീപ് മേനോന്‍ തഴയപ്പെട്ടു.
കല്ലംകുന്ന് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളാണ് പെട്ടെന്നുള്ള രാജിക്ക് കാരണമായതെന്നാണ് സൂചന. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം നേടിയെങ്കിലും ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രദീപ് മേനോനെ സിപിഎം പരിഗണിച്ചില്ല. പി.എന്‍ ലക്ഷ്മണനെ പ്രസിഡന്റാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. നിലവില്‍ പ്രദീപ് മേനോനായിരുന്നു ബാങ്ക് പ്രസിഡന്റ്. ബാങ്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടും തന്നെ തഴഞ്ഞുവെന്നാണ് അദ്ദേഹം കരുതുന്നത്.
ഒന്നില്‍ അധികം സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന പാര്‍ട്ടി നയമനുസരിച്ചാണ് ബാങ്ക് നേത്യത്വത്തില്‍ മാറ്റം വരുത്തിയതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. ജനകീയനായ പ്രദീപ് മേനോന്റെ രാജി കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: