ഗുരുവായൂര്‍: ഏകാദശി തിരക്കില്‍ ഗുരുപവനപുരി. വന്‍ ഭക്തജന തിരക്കിലാണ് ക്ഷേത്രവും പരിസരവും. ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനം കൂടിയാണ്. ദശമിദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം ആരംഭിക്കും. ഏകാദശിനാളില്‍ ഈശ്വരഭജനയില്‍ മുഴുകും. അരിഭക്ഷണം ഒഴിവാക്കും. ദ്വാദശിദിവസം രാവിലെ തുളസിതീര്‍ത്ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കൂ.
വ്രതാനുഷ്ഠാനസമ്പൂര്ണതയ്ക്ക് ദ്വാദശിപ്പണം വെച്ചു നമസ്കരിക്കുന്ന ചടങ്ങുണ്ട്. ഏകാദശിദിവസം അര്‍ധരാത്രി പിന്നിട്ടാല്‍ ക്ഷേത്ര കൂത്തമ്പലത്തില്‍ ദ്വാദശിപ്പണസമര്‍പ്പണം തുടങ്ങും. രാവിലെ എട്ടരവരെയുണ്ടാകും. ഏകാദശിനാളില്‍ ദേവസ്വംവകയാണ് ഉദയാസ്തമയപൂജയോടെ ചുറ്റുവിളക്ക്. സമ്പൂര്‍ണ നെയ്വിളക്കാണിത്. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളമുണ്ടാകും. ശീവേലി കഴിഞ്ഞാല്‍ രാവിലെ ഒമ്പതിന് പാര്‍ത്ഥസാരഥിക്ഷേത്രത്തിലേക്ക് പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വ്രതവിഭവങ്ങളോടെയാണ് പ്രസാദഊട്ട്.
രാത്രി വിളക്കെഴുന്നള്ളിപ്പിന് നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്ക്കകളും നാഗസ്വരങ്ങളും അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളവും അകമ്പടിയാകും. പതിനായിരത്തോളം നെയ്ത്തിരികള്‍ ജ്വലിക്കും. ഏകാദശി ഉത്സവത്തിനുശേഷം ദ്വാദശിദിവസമായ ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രനട അടയ്ക്കും. എട്ടരയോടെ നാലമ്പലത്തിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ക്ഷേത്രനട അടഞ്ഞുകിടക്കുന്ന നേരം ദര്‍ശനം, തുലാഭാരം, ചോറൂണ്, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശനവും ഉണ്ടാകില്ല. ക്ഷേത്രത്തിനകം വൃത്തിയാക്കി, പുണ്യാഹം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്നതിനാലാണിത്.
ഏകാദശിയോടാനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തില്‍ പ്രഗല്ഭര് പങ്കെടുത്ത പഞ്ചരത്ന കീര്‍ത്തനാലാപനം ശ്രദ്ധേയമായി. കേരളത്തിലും പുറത്തുമുള്ള നൂറ്റമ്പതിലേറെ പേരാണ് അണിനിരന്നത്. സംഗീതോത്സവം ഏകാദശിദിവസമായ ചൊവ്വാഴ്ച രാത്രി സമാപിക്കും. ഇന്ന് രാത്രി കെ.ജി. ജയന്, ഡോ.കെ.എന്‍. രംഗനാഥ ശര്‍മ, ടി.വി. ഗോപാലകൃഷ്ണന് എന്നിവര്‍ പാടും. ആഞ്ഞം മാധവന് നമ്പൂതിരി സ്ഥാപിച്ച ഗുരുവായൂരപ്പന് സങ്കീര്‍ത്തന ട്രസ്റ്റിന്റേതായിരുന്നു ഇന്നലത്തെ ദശമിവിളക്കാഘോഷം. സമ്പൂര്‍ണ നെയ്വിളക്കായിരുന്നു.
രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്മാരാര്പ്രമാണിയായി. ഉച്ചശ്ശീവേലിക്കും രാത്രി എഴുന്നള്ളിപ്പിനും പഞ്ചവാദ്യമുണ്ടായി. പരയ്ക്കാട് മഹേശ്വരന്, മഹേന്ദ്രന് എന്നിവര്‍ വാദ്യം നയിച്ചു. രാത്രി എഴുന്നള്ളിപ്പിനു മുന്നില്‍ മദ്ദളകേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ പ്രത്യേകതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: