നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ പാരീസ് സെന്റ് ജര്‍മ്മന്‍ (പിഎസ്ജി) ലാ ലിഗ ടീമായ റയല്‍ മാഡ്രിഡിനെ നേരിടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ നടന്നു. പിഴവുകള്‍ സംഭവിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ നറുക്കെടുപ്പ് റദ്ദാക്കിയാണ് രണ്ടാമത് നറുക്കെടുപ്പ് നടത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ടിങ് സിപിയെ നേരിടും. 2011-12 സീസണില്‍ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്പോര്‍ട്ടിങ്ങും ഏറ്റുമുട്ടുന്നത്. ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന് ലിവര്‍പൂളുമായി ഏറ്റുമുട്ടും. മറ്റൊരു സീരീ എ ടീമായ യുവന്റസ് വിയാ റയലിനെ എതിരിടും.
അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി മത്സരിക്കും. പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി ലില്ലിയെ നേരിടും. ബെന്‍ഫിക്ക ഡച്ച് ടീമായ അയാക്സുമായി കൊമ്പുകോര്‍ക്കും.
ബയേണ്‍ മ്യൂണിക്കിന് ആര്‍ബി സാല്‍സ്ബര്‍ഗാണ് എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ എവേ ഗോളിന്റെ ആനുകൂല്യം ഉണ്ടാകില്ല. എവേ ഗോള്‍ നിയമം റദ്ദാക്കി. രണ്ട് പാദമായി നടക്കുന്ന മത്സരം സമനിലയായാല്‍ കളി അധികസമയത്തേക്ക് നീളും. അധികസമയത്തും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിക്കും.
ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കും. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് എട്ടു മുതല്‍ പതിനാറുവരെയാണ്. പിഴവുകള്‍ സംഭവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രീ ക്വാര്‍ട്ടര്‍ ആദ്യ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു. സോഫ്റ്റ്വെയര് തകരാറുമൂലമാണ് പിഴവ് സംഭവിച്ചതെന്ന്് യുവേഫ അധികൃതര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: