ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ദേശീയ ഹെല്‍പ്പ് ലൈന്‍ (എന്‍എച്ച്എഎ) ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറാണ് ‘14566’ എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉത്ഘാടനം ചെയ്തത്.
ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രാദേശിക ഭാഷകളിലും ഹെല്‍പ്പ് ലൈന്‍ സൗകര്യം മുഴുവന്‍ സമയവും രാജ്യത്തുടനീളം ലഭ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹെല്പ്പ്ലൈന് നമ്പര്‍ രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989, ശരിയായ രീതിയില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കും.
എല്ലാ ടെലികോം സേവന ദാതാക്കളുടെയും മൊബൈല്‍ കണക്ഷന് വഴിയോ ലാന്‍ഡ് ലൈന്‍ നമ്പറില്‍ നിന്നോ വോയ്സ് കോള്‍ /വിഒഐപി വഴിയോ ഈ സേവനം ലഭ്യമാകും. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്.
ഹെല്‍പ്പ് ലൈനിന്റെ സവിശേഷതകള്‍:
- പരാതികള്‍ പരിഹരിക്കല്‍: 1955ലെ പിസിആര്‍ ആക്ട്, 1989ലെ പിഒഎ നിയമം എന്നിവ പാലിക്കാത്തത് സംബന്ധിച്ച് ഇര/പരാതിക്കാരന്/എന്‍ജിഒകളില്‍ നിന്ന് ലഭിക്കുന്ന ഓരോ പരാതിയ്ക്കും ഡോക്കറ്റ് നമ്പര്‍ നല്‍കും.
- ട്രാക്കിംഗ് സിസ്റ്റം: പരാതിയുടെ നിലവിലെ അവസ്ഥ ഓണ്‍ലൈനായി ട്രാക്ക് ചെയ്യാവുന്നതാണ്.
- നിയമങ്ങള്‍ പാലിക്കല്‍: ഇരയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും നിരീക്ഷിക്കുകയും,സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഈ നിയമം നടപ്പാക്കുന്ന അധികാരികളുമായി സന്ദേശങ്ങള്‍ / ഇമെയിലുകളുടെ രൂപത്തില്‍ ആശയവിനിമയം / ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തുകയും നിയമ നിര്‍വഹണം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
- സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുള്ള ഡാഷ്ബോര്‍ഡ്: സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രധാന പ്രകടന സൂചകങ്ങളും (കെപിഐ) ഡാഷ്ബോര്‍ഡില്‍ തന്നെ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: