തൃശ്ശൂര്‍: നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈകോ. കൊവിഡ് ദുരിതക്കാലത്ത് പച്ചക്കറികള്‍ക്ക് പിന്നാലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കുടുംബ ബജറ്റിന്റെ താളം തെറ്റിയിരിക്കുന്നതിനിടിയാണ് സപ്ലൈകോയുടെ പകല്‍കൊള്ള.
പുതുക്കി വില നിശ്ചയിച്ച അരി, മുളക് ഉള്‍പ്പെടെയുള്ള പന്ത്രണ്ടിലേറെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വീണ്ടും വില കൂട്ടിയത്. പൊതുവിപണിയില്‍ വിലക്കയറ്റം കുതിച്ചുയരവേ അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില സപ്ലൈകോ കൂട്ടിയത് സാധാരണക്കാര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. സബ്സിഡി ഇല്ലാത്ത സാധങ്ങളുടെ വിലയാണ് കൂടിയത്.
ഈ മാസം ഒന്നിന് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സപ്ലൈകോ പുതുക്കി വില നിശ്ചയിച്ചിരുന്നു. 11 ദിവസത്തിനിടെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. ഉണ്ട മട്ട അരിക്ക് മൂന്ന് രൂപ വര്‍ധിപ്പിച്ചപ്പോള്‍ മുളകിന് 22 രൂപ കൂട്ടിയിട്ടുണ്ട്. പൊന്നി അരിക്ക് ഏഴ് രൂപ വര്‍ധിപ്പിച്ച് 39 രൂപയിലെത്തിച്ചു. ജയ അരിക്ക് 34.50 രൂപയും സുരേഖയ്ക്ക് 35 രൂപയുമാണ് പുതുക്കിയ വില. 76 രൂപയായിരുന്ന പീസ് പരിപ്പിന്റെ വില 82 രൂപയായി ഉയര്‍ന്നു. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 50 പൈസ കൂട്ടിയിട്ടുണ്ട്. 39 രൂപയാണ് പുതുക്കിയ വില. കുറുവ അരിക്ക് രണ്ടര രൂപയാണ് വര്‍ധന. മുളകിന് 22 രൂപയുടെ വര്‍ധനവുണ്ടായി. 134 രൂപയാണ് പുതുക്കിയ വില. ഈ മാസം ഒന്നിന് 112 രൂപയാണ് മുളകിന് നിശ്ചയിച്ചിരുന്ന വിലയാണ് 134 ആയി ഉയര്‍ന്നത്. മല്ലിക്കും നാല് രൂപ വര്‍ധിച്ചു. കടുകിന് നാല് രൂപ കൂട്ടിയപ്പോള്‍ ജീരകത്തിന് കൂട്ടിയത് 14 രൂപ. 84 രൂപയായിരുന്ന വന്‍പയറിന് 98 രൂപയാണ് പുതുക്കിയ വില.
രൂക്ഷമായ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനയാണ് നിരക്കുകളിലെ മാറ്റമെന്നും പൊതുവിപണിയെ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമുണ്ടെന്നുമാണ് സപ്ലൈകോയുടെ ന്യായീകരണം. സപ്ലൈകോ ഇന്നലെ മുതല്‍ നടപ്പാക്കിയ വിലവര്‍ധന മരവിപ്പിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍ അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: