മങ്കൊമ്പ്: ശക്തമായ വേലിയേറ്റത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ദുരിതത്തിലാക്കി. മുന്കാലങ്ങളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള വെള്ളക്കെട്ടാണു പല ഭാഗങ്ങളിലും തുടരുന്നത്. രാവിലെ ജലനിരപ്പ് ഒരടിക്കു മുകളില്‍ ഉയരും. വൈകിട്ട് അതേ അളവില്‍ ഇറങ്ങും.
ശക്തമായ വേലിയേറ്റവും ഒപ്പം ശക്തമായ വേലിയിറക്കവും കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഡിസംബര്‍ മാസത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമാണ്. വെള്ളക്കെട്ടു തുടരുന്നതിനാല്‍ ദുര്‍ബലമായ പുറംബണ്ടുകളുള്ള പല പാടശേഖരങ്ങളിലും പമ്പിങ് പോലും നടത്താന്‍ സാധിച്ചിട്ടില്ല. പുറംബണ്ടുകള്‍ കവിഞ്ഞ് വെള്ളം പാടശേഖരത്തിലേക്ക് ഒഴുകുന്നതിനാല്‍ മോട്ടറുകളുടെ പുള്ളിക്ക് മുകളില്‍ വെള്ളം ഉയര്‍ന്നു നില്ക്കുന്നതാണു പമ്പിങ്ങിനു തടസമായിരിക്കുന്നത്.
പുളിങ്കുന്ന് കൃഷിഭവന് പരിധിയിലെ 110 ഏക്കര്‍ വിസ്തൃതിയുള്ള മേച്ചേരിവാക്ക തെക്ക് പാടശേഖരത്തിലും 100 ഏക്കര്‍ വിസ്തൃതിയുള്ള മേച്ചേരിവാക്ക പാടശേഖരത്തിലും പമ്പിങ് പോലും ആരംഭിച്ചിട്ടില്ല.ഇതുമൂലം പാടശേഖരത്തിലെ പുറംബണ്ടിലും ഉള്ളിലുമായി താമസിക്കുന്ന നൂറുകണക്കിനു വീടുകളിലും വികാസ് മാര്‍ഗ്, ചതുര്‍ഥ്യാകരി പൊതുമരാമത്ത് റോഡ് അടക്കമുള്ള വഴികളിലും വെള്ളക്കെട്ട് എട്ടു മാസമായി ഒഴിഞ്ഞിട്ടില്ല. പാടശേഖരത്തിനുള്ളിലായതിനാല് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയും പരിസരവും വെള്ളക്കെട്ടിലാണ്.
തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം ഷട്ടറുകളെങ്കിലും അടിയന്തരമായി അടക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ ഇതിനോടു മുഖം തിരിക്കുകയാണെന്ന് ആക്ഷേപവും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: