നാഗ്പൂര്‍: വത്തിക്കാന്‍ നഗരത്തിന്റെയും മക്കയുടെയും മാതൃകയില്‍ അയോധ്യയിലെ രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രം വികസിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രസിഡന്റ് രബീന്ദ്ര നരേന് സിങ്. രാമക്ഷേത്രവും രാമജന്മഭൂമിയും ഹിന്ദുത്വത്തിന്റെ പ്രതീകമായി ഉയര്‍ന്നുവരുമെന്ന് നാഗ്പൂരില്‍ വിഎച്ച്പി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു.
അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥക്ഷേത്രം വത്തിക്കാന്‍ നഗരത്തിന്റെയും (റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനം) മക്കയുടെയും (ഇസ്ലാമിന്റെ വിശുദ്ധ നഗരം) മാതൃകയില്‍ വികസിപ്പിക്കും, അത് ഹിന്ദുത്വത്തിന്റെ പ്രതീകമായി മാറുമെന്നും ജെയിന്.
1947ല്‍ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രസ്ഥാനത്തിലൂടെയാണ്. രാജ്യം ഹിന്ദുത്വവാദികളുടേതല്ല, ഹിന്ദുക്കളുടേതാണെന്ന് ജയ്പൂര്‍ റാലിക്കിടെ പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ജെയിന് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്ക് അദ്ദേഹം എന്താണ് പറയുന്നതെന്നും എന്താണ് അര്‍ത്ഥമാക്കുന്നതെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: