തൃശ്ശൂര്‍: വോട്ടിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അടവുനയം പയറ്റുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുമ്പുണ്ടായിരുന്ന ആദര്‍ശ രാഷ്ട്രീയം ഇന്ന് മരിച്ചു. വോട്ടിനായുള്ള അവസരവാദ രാഷ്ട്രീയമാണ് ഇപ്പോഴുള്ളത്. എസ്എന്‍ഡിപി യോഗം തൃശ്ശൂര്‍ യൂണിയന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായം 33 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ് ഈഴവരുടെ പ്രാതിനിധ്യം കുറയാനുള്ള പ്രധാന കാരണം. പല സ്ഥലങ്ങളിലും കൂട്ടത്തോടെയാണ് ലൗ ജിഹാദും മതപരിവര്‍ത്തനവും നടക്കുന്നത്. മതാധിപത്യത്തിനായി ഒരു വിഭാഗം പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നുണ്ട്. മതാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. ജാതി വ്യവസ്ഥ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് കുഴപ്പം. സാമൂഹിക നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഈഴവര്‍ ജാതി പറയുന്നത്.
മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമെല്ലാം മതേതരത്വം പറയുന്നുണ്ട്. ഇരുപാര്ട്ടികളിലുമുള്ളവരൊന്നും മതേതരവാദികളല്ല. ഇവരെ നയിക്കുന്നത് മതനേതാക്കളാണ്. മതേതരവാദികളെന്ന് പറഞ്ഞ് അധികാരത്തിലും താക്കോല്‍ സ്ഥാനങ്ങളിലും ഇവര്‍ കയറിപറ്റി. അധികാരവും സമ്പത്തുമെല്ലാം ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ കൈയിലാണ്. ‘ചത്തകുതിര’യെന്ന് നെഹ്റു വിശേഷിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഇതേ പാര്‍ട്ടി തന്നെയാണ് ഇരുപതിലേറെ സീറ്റുകള്‍ നേടി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത്. മതം പറഞ്ഞ് നടത്തുന്ന സംഘാടനം മാത്രമാണ് ഇവരുടെ ശക്തി. കേരള കോണ്‍ഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങള്‍ ക്രൈസ്തവ മതമേലധ്യക്ഷരാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതത്തിന്റെ പേരില്‍ ഇരുപാര്‍ട്ടികളും നേടിയെടുത്തു. സമുദായത്തെ തകര്‍ക്കാന്‍ ഇപ്പോഴും ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പുറത്തേക്ക് വരാതെ മറ്റ് ചിലരെ കൊണ്ട് അതിന് ശ്രമിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: