ന്യൂദല്‍ഹി : രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച നാല് പേരുടെ ഡിഎന്‍എ പരിശോധന കൂടി പൂര്‍ത്തിയായി. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, നായിക്കുമാരായ ജിതേന്ദ്ര കുമാര്‍, ഗുര്‍സേവക് സിംഗ്, ഹവീല്‍ദാര്‍ സത്പാല്‍ റായ് എന്നിവരുടെ ഫലമാണ് ഇപ്പോള്‍ ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തായിക്കിയ ശേഷം സൈനികരുടെ ഭൗതികദേഹം ഇന്ന് ജന്മനാട്ടില് എത്തിക്കും.
വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലായിരിക്കും സൈനികരുടെ ഭൗതികദേഹങ്ങള്‍ ജന്മനാട്ടിലേയ്ക്ക് എത്തിക്കുന്നത്. നായിക്ക് ഗുര്‍സേവക് സിംഗിന്റെ ഭൗതികദേഹം രാവിലെ പത്തര മണിയോട് കൂടി അമൃത്സറില് എത്തിക്കും. നായിക് ജിതേന്ദ്ര കുമാറിന്റെ ദേഹം പതിനൊന്ന് മണിയോട് കൂടി ഭോപ്പാലില്‍ എത്തിക്കുമെന്ന് സേന അറിയിച്ചു.
അപകടത്തില്‍ കൊലപ്പെട്ട ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന് നടക്കും. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദ്ദേഹം ശനിയാഴ്ച ബെംഗളൂരുവിലെത്തിച്ചിരുന്നു. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍. യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാല് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്.
കൂനൂരില്‍ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ തയ്യാറായേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡ്, കോക്ക്കപിറ്റ് റെക്കോര്‍ഡര്‍ എന്നിവ പരിശോധിക്കാനുള്ള നടപടി തുടരുകയാണ്. പ്രതികൂല കാലാവസ്ഥ, ഹെലികോപ്ടര്‍ ഇറക്കുന്നതിലെ പിഴവ്, പൊട്ടിത്തെറി എന്നീ സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ബെംഗളൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: