സീതാദേവിയെ പുഷ്പകവിമാനത്തില്‍ രാവണന് തട്ടിക്കൊണ്ടു പോകുന്നു. സീതയുടെ വിലാപം കേട്ട പക്ഷി ശ്രേഷ്ഠന് ജടായു പ്രചണ്ഡമായ ചിറകടി ശബ്ദത്തോടെ പറന്നുയര്‍ന്നു.
രാവണനെ തടഞ്ഞുകൊണ്ട് ജടായു പറഞ്ഞു. ”സ്ത്രീ ദ്രോഹം പാടില്ല. ആ നിലവിളി ശാപമാണെന്നോര്‍ക്കുക. ഒരിക്കലും തീരാത്ത ശാപമാണ് സ്ത്രീയുടെ ശാപം. വിടൂ ആ സ്ത്രീയെ” അട്ടഹാസത്തോടെ വാളൂരിയാണ് രാവണന് മറുപടി പറഞ്ഞത്. ഉഗ്രമായ ചിറകടികളോടെ രാവണനെ എതിര്‍ക്കുന്ന ജടായു. പുഷ്പക വിമാനം ആടി ഉലയുന്നു. ജടായുവിന്റെ കൊക്കും നഖങ്ങളും ഏറ്റ് രാവണന്റെ ശരീരം ചോരയണിയുന്നു. യുദ്ധം ഉഗ്രമാകുന്നു. ചോര തെറിക്കുന്നതിനോടൊപ്പം തൂവലുകള്‍ പറക്കുന്നു. അതോടൊപ്പം ഒരു ചിറക് അറ്റ് ദൂരെ തെറിക്കുന്നു. വെട്ടേറ്റ ജടായു കറങ്ങി കറങ്ങി നിലംപതിക്കുന്നു. സീത മുഖം പൊത്തി ഇരുന്നു കരയുന്നതിനിടയില്‍ ജടായുവിനെ അനുഗ്രഹിക്കുന്നു.
‘ഒരു സ്ത്രീയെ സഹായിക്കുവാന്‍വേണ്ടി ജീവന് ത്യജിച്ച രക്തസാക്ഷിയായ സഹോദരാ, നിന്നെപ്പോലെ ഏറെ മക്കളുണ്ടാവട്ടെ ഭാരതാംബയ്ക്ക്. ഈ സ്മരണ നിലനിര്‍ത്താന്‍ കാവ്യങ്ങളുണ്ടാവട്ടെ മനോഹര ശില്പങ്ങളുണ്ടാവട്ടെ’. സ്ത്രീ സുരക്ഷയ്ക്കായി ജീവന് തൃജിച്ച പുരാണത്തിലെ ശക്തനായ കഥാപാത്രത്തിന്റെ പേരില്‍ ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്.
വനിതാ ശാക്തീകരണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും സജീവമായ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ നിരവധി ഭീഷണികളും വെല്ലുവിളികളും നേരിടുന്ന കാലമാണിത്. അതിനാല്‍ സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീത്വത്തിന്റെ എല്ലാ വശങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിവല്‍ ലക്ഷ്യം കണ്ടു എന്നു തന്നെ പറയാം.
ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഫിലിം ഫെസ്റ്റിവല്‍ കേരളത്തിലാദ്യത്തേതാണ്. സജീവ ചര്‍ച്ചയായിരിക്കുന്ന സ്ത്രീ സുരക്ഷയാണ് വിഷയമാക്കിയിരിക്കുന്നത് എന്നത് അതിലേറെ പ്രധാനമാണ്.
പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 150 ല്‍ പരം ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. സ്ത്രീ സുരക്ഷയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ഇത്രയേറെ പങ്കാളിത്തം കിട്ടിയത് നിസ്സാരകാര്യമല്ല. അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചത്. 41 ചിത്രങ്ങള്‍ വനിതാ സംവിധായകരുടേത് ആയിരുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഉള്‍പ്പെടെ സിനിമാ ലോകം രംഗത്തുണ്ടായിരുന്നു. അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരും ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുളള നവമാധ്യങ്ങളില്‍ പങ്കുവച്ചു പിന്തുണ അറിയിച്ചു.
ഭ്രൂണാവസ്ഥയിലെ ശിശുവിന്റെ സ്വപ്നങ്ങളും ഭ്രൂണഹത്യയുടെ വേദനയും കാഴ്ചക്കാരിലേക്ക് പകര്‍ന്ന ‘കരുവാരിയിന്‍ കനവുകള്‍’ മികച്ച ചിത്രവും ജോലിസ്ഥലത്ത് അമ്മയായ യുവതി അനുഭവിക്കുന്ന വൈതരണികളുടെ നേര്‍ക്കാഴ്ച കാട്ടിയ ഡിറ്റോക്സ് രണ്ടാം സ്ഥാനവും എല്ലാത്തരം പ്രതിബന്ധങ്ങളോടും പോരാടി സ്വാഭിമാനം നിലനിര്‍ത്തുന്ന അധ്യാപികയായ അമ്മയുടെ വ്യക്തിത്വം പ്രകാശിപ്പിച്ച ‘ഛത്ര’ മൂന്നാം സ്ഥാനവും നേടിയ ഫെസ്റ്റിവലില്‍ പങ്കെടുത്ത പകുതിയിലധികം ചിത്രങ്ങളും ഉന്നതനിലവാരം പുലര്‍ത്തിയെന്നാണ് ജൂറി അധ്യക്ഷ മേനക സുരേഷ് പറയുന്നത്.
കാട്ടിക്കൂട്ടല് ആയിരുന്നില്ല മറിച്ച് ഉന്നത നിലവാരത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. അവാര്‍ഡ് നിര്‍ണ്ണയിച്ചത് പ്രമുഖരടങ്ങിയ ജൂറി. പ്രഖ്യാപനം നടത്തിയത് പ്രിയദര്ശന്. വിതരണം ചെയ്യാനെത്തിയത് കേന്ദ്ര മന്ത്രി എല്‍. മുരുകന്, കീര്‍ത്തി സുരേഷ്, ടോവീനോ തോമസ്, മണിയന്‍പിള്ള രാജു തുടങ്ങി പ്രമുഖരുടെ നിര. ചലച്ചിത്രമേഖലയില്‍ സമ്പന്നമായ അറിവും അനുഭവപരിചയവുമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഫെസ്റ്റിവല്‍ കേരളത്തിന്റെ കലാ സാംസ്കാരിക ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: