ഗോഹട്ടി: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഉപയോഗിച്ചതെന്ന് കരുതുന്ന ഹെറിറ്റേജ് ലക്ഷ്വറി ലിമിറ്റഡ് എഡിഷന് വാച്ച് മോഷ്ടിച്ച ഇന്ത്യക്കാരന് അറസ്റ്റില്‍. അസമിലെ ശിവസാഗര്‍ ജില്ലയില്‍ നിന്നാണ് 20 ലക്ഷം വിലമതിക്കുന്ന വാച്ചുമായി വാസിദ് ഹുസൈന് എന്നയാള്‍ അറസ്റ്റിലായത്.
അന്തരിച്ച അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരത്തിന്റെ സാധനങ്ങള്‍ സൂക്ഷിക്കുന്ന കമ്പനിയില്‍ ദുബിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു വാസിദ്. ലിമിറ്റഡ് എഡിഷന് ഹബ്ലോട്ട് വാച്ചും സൂക്ഷിച്ചിരുന്ന സേഫ് കുത്തിത്തുറന്നായിരുന്നു മോഷണം. കമ്പനിയില്‍ കുറച്ച് ദിവസം ജോലി ചെയ്ത ശേഷം, പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്ത് ഓഗസ്റ്റില്‍ പ്രതി അസമിലേക്ക് മടങ്ങിയിരുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളുമായി ദുബായ് പോലീസ് ഇന്ത്യയിലെത്തിയതിനെ തുടര്‍ന്നാണ് അസം പോലീസ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
തുടര്‍ന്ന്, പ്രതിയെ പുലര്‍ച്ചെ നാല് മണിക്ക് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും വാച്ച് കണ്ടെടുക്കുകയും ചെയ്യുകായായിരുന്നു. ഇരു രാജ്യങ്ങളിലെയും പോലീസ് സേനകള്‍ തമ്മിലുള്ള അന്താരാഷ്ട്ര ഏകോപനം ഉള്‍പ്പെടുന്ന ഓപ്പറേഷനാണിതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: