Categories: Kannur

ബംഗ്ലാദേശ് വിമോചന യുദ്ധം: വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ റിട്ട. കേണല്‍ എം.കെ. ഗോവിന്ദന്‍ ധാക്കയിലേക്ക്

Published by

കണ്ണൂര്‍: ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത കണ്ണൂര്‍ താണ സ്വദേശി റിട്ട. കേണല്‍ എം.കെ. ഗോവിന്ദന്‍ ധാക്കയില്‍ നടക്കുന്ന വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അടുത്തദിവസം യാത്രതിരിക്കും. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സേനയിലെ അംഗമായിരുന്നു ഗോവിന്ദന്‍.  

അന്ന് ബംഗ്ലാദേശ് ബജന്‍പുരിയിലെ സൈനികരോടൊപ്പമായിരുന്നു അദ്ദേഹം. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫയര്‍ നിരീക്ഷിക്കുന്നതിനായി ഉയരമുള്ള മരത്തില്‍ കയറിയും അപ്രതീക്ഷിതമായി ഷെല്ലാക്രമണമുണ്ടായതും ചീറിവന്ന ഷെല്‍ തട്ടിത്തകര്‍ന്ന മരക്കൊമ്പ് പൊട്ടി ദേഹത്ത് വീണ് പരിക്കുപറ്റി മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതടക്കമുള്ള സംഭവങ്ങള്‍ ഗോവിന്ദന്‍ ഇന്നും ഓര്‍ക്കുന്നു.

ഡിസംബര്‍ മൂന്നാം വാരം ധാക്കയില്‍ നടക്കുന്ന വിജയ് ദിവസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച 29 സൈനികരില്‍ ഉള്‍പ്പെട്ട മലയാളികളില്‍ ഒരാളാണ് ഇദ്ദേഹം. കേണല്‍ രവിപ്പിള്ള, ബ്രിഗേഡിയര്‍ കുട്ടന്‍ മഹാദേവന്‍ എന്നിവരാണ് മറ്റ് രണ്ട് മലയാളികള്‍. 24 കരസേനാംഗങ്ങള്‍ക്കും 3 നാവിക സേനാംഗങ്ങള്‍ക്കും 2 വ്യോമസേനാംഗങ്ങള്‍ക്കുമാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. 12ന് ദല്‍ഹിയിലേക്ക് യാത്രതിരിക്കുന്ന ഗോവിന്ദന്‍ തൊട്ടടുത്ത ദിവസം ധാക്കയിലേക്ക് പോകും. ഈ ക്ഷണം വലിയൊരു അംഗീകാരമാണെന്നും സന്തോഷവും അഭിമാനവും തോന്നുവെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

ഇരുപത്തിയൊന്നാം വയസ്സില്‍ കരസേനയില്‍ ചേര്‍ന്ന ഗോവിന്ദന് ബജന്‍പുരിയിലുണ്ടായ അപകടത്തിനുശേഷം കണ്ണൂര്‍ ഡിഎസ്‌സി സെന്റില്‍ ട്രെയിനിംഗ് ഓഫീസറായി മാറ്റം കിട്ടി. ലഡാക്കിലും കാര്‍ഗിലും സേവനമനുഷ്ടിച്ച ഗോവിന്ദന്‍ 96ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. യോഗാചാര്യനായ അദ്ദേഹം നിലവില്‍ ഓണ്‍ലൈന്‍ യോഗാക്ലാസുകള്‍ നടത്തുന്നുണ്ട്. പരേതയായ നീലിയത്ത് രുഗ്മിണിയാണ് ഭാര്യ. ഡോ. രേഖ, രഘുനമ്പ്യാര്‍ എന്നിവര്‍ മക്കളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by