കോഴിക്കോട്: ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമെന്നറിയപ്പെടുന്ന കാശി നഗരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബര്‍ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും ഇതിന്റെ ഭാഗമായി ദിവ്യകാശി-ഭവ്യ കാശി എന്ന പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളില്‍ തത്സമയം നടക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ സംസ്ഥാനതല സംയോജകനുമായ അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1000 കോടി രൂപ ചെലവിലാണ് കാശിയുടെ സമഗ്രവികസന പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നത്. 2019 മാര്‍ച്ച് എട്ടിനാണ് പുനര്‍നിര്‍മാണ ഉദ്ഘാടനം നടന്നത്. കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മ്യൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകള്‍, തീര്‍ത്ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. കാശിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം നിലനിര്‍ത്തി ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വികസന പദ്ധതിയാണ് നടപ്പിലാക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധര്‍മ്മാചാര്യന്മാര്‍, സംന്യാസിവര്യന്മാര്, സാംസ്കാരിക നായകന്മാര്, ഉത്തര്‍പ്രദേശിലെ മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം 5000 കേന്ദ്രങ്ങളില്‍ നടക്കും. ഒരു മാസത്തെ പരിപാടികള്‍ക്കാണ് അന്ന് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ 280 കേന്ദ്രങ്ങളില്‍ പരിപാടി നടക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാശിയില്‍ നടക്കുന്ന പരിപാടികള്‍ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വാരാണസിയുടെ സമഗ്രവികസനം സാധ്യമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് കത്തുകളയക്കും. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിനാണ് പരിപാടിയുടെ ദേശീയ ഏകോപന ചുമതലയെന്നും ശ്രീകാന്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: