തൃശൂര്‍ : ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി സൈനിക ഉദ്യോഗസ്ഥന് പ്രദീപിന്റെ മൃതദേഹം കോയമ്പത്തൂര്‍ സൈനിക കേന്ദ്രത്തില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടു. രാവിലെ തന്നെ ദല്‍ഹിയില്‍ നിന്നും മൃതദേഹവുമായി വിമാനം പുറപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ദല്‍ഹിയില്‍ നിന്നും കോയമ്പത്തൂര്‍ സൈനിക കേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം റോഡ് മാര്ഗംകൊച്ചിയിലേക്കും അവിടെ നിന്നും തൃശൂരിലേക്കും കൊണ്ടുപോകും. വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ. കൃഷ്ണന് കുട്ടി, കെ.രാജന് എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും.
ഉച്ചയോടെ തൃശൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അവിടെ നിന്നും പൊന്നുക്കരയിലെ വീട്ടിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. ജൂനിയര്‍ വാറന്റ് ഓഫീസറായി സേവനം അനുഷ്ഠിക്കവേയാണ് പ്രദീപ് കുമാര്‍ അപകടത്തില്‍ മരണമടയുന്നത്.
അതേസമയം ഹെലികോപ്ടര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ആറ് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി പരിശോധന തുടരുകയാണ്. ബുധനാഴ്ച നടന്ന ഹെലികോപ്ടര്‍ ദുരന്തത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, സംയുക്ത സേനാ മേധാവിയുടെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ എന്നിവരുടെ ഭൗതിക ദേഹങ്ങള്‍ കഴിഞ്ഞ ദിവസം ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിങ്ങ് ബെംഗളൂരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: