തൃശ്ശൂര്‍: കെ-റെയില്‍ പദ്ധതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ നഗരത്തില്‍ ദീദിയെത്തി. വിനാശകരമായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെത്തിയത്.
‘മേധാപട്കര്‍ ഇരകള്‍ക്കൊപ്പം’ എന്ന പേരില്‍ തൃശ്ശൂര്‍ റീജണല്‍ തിയ്യറ്ററില്‍ ഇന്നലെ രാവിലെ 10ന് നടത്തിയ പരിപാടിയില്‍ കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പി. ദീദിയെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേദിയും പരിസരവും ജനങ്ങളാല്‍ തിങ്ങി നിറഞ്ഞിരുന്നു. ഹാളിനകത്ത് സീറ്റുകള്‍ ലഭിക്കാതെ നിരവധി പേര് പുറത്ത് നിന്നാണ് മേധാപട്കറുടെ പ്രസംഗം കേട്ടത്.
മേധാപട്കറുടെ സന്ദര്‍ശനവും പ്രസംഗവും ഇരകള്‍ക്കും പദ്ധതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്കും ആവേശം പകര്‍ന്നു. തൃശ്ശൂരിന് പുറമേ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പദ്ധതിക്കെതിരെ മേധാപട്കര്‍ ആഞ്ഞടിച്ചു. കെ-റെയില്‍ പദ്ധതിക്കായി കുഴിച്ചിടുന്ന അതിരുകല്ലുകള്‍ പിഴുതെറിയാനുള്ള ദീദിയുടെ ആഹ്വാനം നിറഞ്ഞ കയ്യടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ കേരളം ഇല്ലാതാവുകയാണെന്നും സംസ്ഥാനം ഇന്ന് ആത്മഹത്യാ മുനമ്പിലാണെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച കെ. അരവിന്ദാക്ഷന് പറഞ്ഞു. കെ-റെയില്‍ പദ്ധതിയുടെ പേരില്‍ കച്ചവടമാണ് നടക്കുന്നത്. 2050 ആകുമ്പോഴേക്കും ഇന്നത്തെ കേരളം ഉണ്ടാകില്ല. ഇക്കോ ഫാസിസത്തിന്റെ മറവിലൂടെയാണ് സംസ്ഥാനമിപ്പോള്‍ കടന്നുപോകുന്നത്. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ശുദ്ധവായുവും ശുദ്ധജലവും നഷ്ടപ്പെടുമെന്നും അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ് കെ-റെയില്‍ പദ്ധതിയെന്ന് സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുട്ടികളുടെയും ഭാവി തലമുറയുടെയും കൂടി പ്രശ്നമായ പദ്ധതിക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് ശക്തമാക്കും. പദ്ധതിയ്ക്കായി അനുമതിയില്ലാതെ പോലീസിനെ ഉപയോഗിച്ച് അതിരുകല്ലുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ ഗുണ്ടായിസം കാണിക്കുകയാണ്. പദ്ധതിക്കെതിരെയുള്ള സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. സ്വന്തം പാര്‍ട്ടിയിലുള്ള അണികളെ പോലും പദ്ധതിയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയ്ക്ക് സാധിച്ചിട്ടില്ലെന്നും രാജീവന് ചൂണ്ടിക്കാട്ടി.
കെ-റെയില്‍ പദ്ധതി ബാധിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള അഞ്ഞുറോളം പേര് പരിപാടിയില്‍ പങ്കെടുത്തു. സി.ആര് നീലകണ്ഠന്, എസ്.പി രവി, എം.പി സുരേന്ദ്രന്, ശരത് ചേലൂര്‍, സമിതി സംസ്ഥാന ചെയര്മാന് എം.പി ബാബുരാജ്, കോഴിക്കോട് ചെയര്മാന് ടി.ടി ഇസ്മയില്‍, ആലപ്പുഴ ജില്ലാകമ്മിയംഗം മഞ്ജുഷ, ആലുവ കമ്മിറ്റിയംഗം മരിയ, ഡോ. പി.എസ് ബാബു, വി.എസ് ഗിരീശന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, ആലപ്പുഴ ജില്ലാ ചെയര്മാന് സന്തോഷ് പടനിലം, പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടയ്ക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍ പെരുവന്താനം, സംസ്ഥാന വനിതാ കണ്‍വീനര്‍ ശരണ്യരാജ്, തൃശ്ശൂര്‍ ജില്ലാ ചെയര്മാന് ശിവദാസ് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: