തിരുവനന്തപുരം: ജാതിയുടെ ആളായി തന്നെ പാര്‍ട്ടി ചിത്രീകരിച്ചുവെന്നും അതിനാല്‍ ജാതിയുടെ ആളായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തുറന്നടിച്ച ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് അതേ നാണയത്തില്‍ മറുപടി നല്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. രാജേന്ദ്രന് പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വര്‍ഷം എംഎല്‍എ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓര്‍ത്തല്ല ഇതൊന്നും ചെയ്തതെന്നും മണി പ്രതികരിച്ചു.
തക്കതായ കാര്യമുള്ളതിനാലാണ് പാര്‍ട്ടി രാജേന്ദ്രനെതിരേ അന്വേഷണ കമ്മീഷനെ വെച്ചത്. രാജേന്ദ്രന് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന തരത്തിലാണ് മണിയുടെ പ്രതികരണം. സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രന് തന്നെ പരിശോധിക്കണം. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. പാര്‍ട്ടിക്കെതിരേയുള്ള രാജേന്ദ്രന്റെ പ്രതികരണം അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതിനുള്ള തെളിവെന്നും മണി പറഞ്ഞു. രാജേന്ദ്രന് എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന് ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇടുക്കി സിപിഎമ്മിലെ അടി ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: