ജോസഫ് ഗീബല്‍സിന്റെയും ജോസഫ് സ്റ്റാലിന്റെയും പേരുകളില്‍ ജോസഫ് എന്നു പൊതുവായുള്ളത് അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. ഒരു പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞ് തള്ളിക്കളയാവുന്നതല്ല ഇത്. ആദ്യത്തെയാള്‍ ഫാസിസത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രചാരണ വകുപ്പ് മേധാവി. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന് സിദ്ധാന്തിച്ചയാള്‍. മറ്റെയാള്‍ നുണകള്‍കൊണ്ട് സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം പതിറ്റാണ്ടുകള്‍ ഭരിച്ച ഏകാധിപതി. ചരിത്രം പരിശോധിക്കുമ്പോള്‍ ഹിറ്റ്ലറെക്കാള്‍ ഗീബല്‍സിന്റെ സിദ്ധാന്തം പ്രയോഗിച്ച് വിജയിച്ചയാള്‍ സ്റ്റാലിനാണെന്നു കാണാനാവും. സോവിയറ്റ് യൂണിയന്‍ തന്നെ ഒരു സാര്‍വദേശീയ നുണയായിരുന്നല്ലോ!
തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പാര്‍ട്ടിക്കാര്‍ തന്നെ, വ്യക്തിവൈരാഗ്യംകൊണ്ട് കൊലചെയ്തതാണെന്ന് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം വ്യക്തമായതാണ്. കൊല നടത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും, വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പോലീസ് കണ്ടെത്തുകയും, അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പ്രതികള്‍ പാര്‍ട്ടിക്കാരാണെന്നും അവരുടേത് പാര്‍ട്ടി കുടുംബമാണെന്നും തെളിഞ്ഞു. വ്യക്തിവിരോധം കൊണ്ടാണ് കൊലനടത്തിയതെന്ന് പ്രതികള്‍ തന്നെ ഏറ്റുപറയുന്ന ശബ്ദരേഖ പുറത്തുവരികയും, മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിക്കുകയുമൊക്കെ ചെയ്തിട്ടും കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു സിപിഎം. പോലീസിനെ ഭീഷണിപ്പെടുത്തി എഫ്ഐആറും റിമാന്റ് റിപ്പോര്‍ട്ടും ഈ കുപ്രചാരണത്തിന് അനുകൂലമാക്കുകയും ചെയ്തു.
സിപിഎം ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. പാര്‍ട്ടിക്കാര്‍ നേരിട്ടും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചും നടത്തുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുന്ന രീതി സിപിഎമ്മിന് പണ്ടുകാലം മുതലേയുണ്ട്. ഇത് കുപ്രചാരണം പോലുമല്ല. കാരണം കുപ്രചാരണത്തില്‍ സത്യത്തിന്റെ ഒരംശമെങ്കിലുമുണ്ടാവും. സിപിഎം നടത്തുന്നത് നുണപ്രചാരണമാണ്. കൊലക്കേസുകളില്‍ പ്രതികളാവുന്നത് അറിയപ്പെടുന്ന പാര്‍ട്ടിക്കാര്‍ തന്നെയാവും. പാര്‍ട്ടിയുടെ ഭാരവാഹികളുമായിരിക്കും. ഇവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. അപ്പോഴും കൊല നടത്തിയത് പാര്‍ട്ടി അറിഞ്ഞല്ല എന്ന നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
ആസൂത്രിതവും സംഘടിതവുമായ ഈ നുണപ്രചാരണത്തിന് സിപിഎം നേതാക്കള്‍ തന്നെയാവും നേതൃത്വം നല്‍കുക. സ്ഥാനമാനങ്ങളുടെ വലുപ്പമോ പൊതുപ്രവര്‍ത്തകന്റെ അന്തസ്സോ രാഷ്‌ട്രീയ സദാചാരമോ ഇതിന് തടസ്സമാവാറില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കണ്ണൂരിലെ ഒരു പാര്‍ട്ടി ഓഫീസില്‍ ശേഖരിച്ചുവച്ചിരുന്ന ബോംബുകള്‍ പൊട്ടിത്തെറിച്ചത്. വിഷുവിന് പൊട്ടിക്കാന്‍ വാങ്ങിവച്ച പടക്കമാണെന്നായിരുന്നു നായനാരുടെ പ്രതികരണം. ഇതേ നായനാര്‍, പരുമലയിലെ പമ്പയാറ്റില്‍ എസ്എഫ്ഐക്കാര്‍ മൂന്നു വിദ്യാര്‍ത്ഥികളെ കല്ലെറിഞ്ഞു കൊന്നു താഴ്‌ത്തിയപ്പോള്‍ പാന്റ്സിന്റെ പോക്കറ്റില്‍ വെള്ളം കയറി മുങ്ങി മരിച്ചെന്നായിരുന്നു നിയമസഭയില്‍ പ്രസ്താവിച്ചത്. ഇങ്ങനെയൊരു നുണ പറയുമ്പോള്‍ സംസ്ഥാനത്തിന്റെ ഭരണാധിപന്‍ വെറുമൊരു രക്തദാഹിയായ പാര്‍ട്ടിക്കാരനായി മാറുകയായിരുന്നു.
പാര്‍ട്ടി വിട്ടുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചു എന്ന ഒറ്റക്കാരണത്താലാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം കൊലപ്പെടുത്തിയത്. ആസൂത്രണം ചെയ്തതുപോലെ കൊലനടത്തിയെന്ന വിവരം ലഭിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞത് കൊലയ്‌ക്കു പിന്നില്‍ മുസ്ലിം തീവ്രവാദികളായിരിക്കും എന്നാണ്. ഒരു രാഷ്‌ട്രീയ കൊലപാതകം നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം നുണപ്രചാരണം എങ്ങനെ വേണമെന്നും തീരുമാനിക്കപ്പെടുന്നു. ടിപിയെ കൊല ചെയ്തത് മുസ്ലിം തീവ്രവാദികളാണെന്ന നുണപ്രചാരണം നടത്താന്‍ വേണ്ടിയാണ് ‘മാഷാ അള്ളാ’ എന്നെഴുതിയ ഇന്നോവ കാറില്‍ കൊലപാതകികള്‍ എത്തിയത്. ടിപിയുടെ കൊലപാതകം ആദ്യവസാനം പാര്‍ട്ടിയുടെ ആസൂത്രണത്തില്‍ നടന്ന ഒന്നാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. സിപിഎമ്മുകാരായ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതിനുശേഷവും പ്രചരിപ്പിക്കുന്നത് ടിപിയെ കൊന്നത് പാര്‍ട്ടിയല്ലെന്നാണ്.
പെരിയ ഇരട്ട കൊലപാതകം നടന്നപ്പോഴും അതില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നാണ് സിപിഎം നേതൃത്വം ഒന്നടങ്കം വാദിച്ചത്. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പ്രതികള്‍ മുഴുവന്‍ സിപിഎമ്മുകാരായിരുന്നു. എന്നിട്ടും കൊലപാതകം രാഷ്‌ട്രീയപ്രേരിതമല്ലെന്നായിരുന്നു സിപിഎം പ്രചാരണം. സിബിഐ അന്വേഷണത്തില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍ പ്രതിയായിട്ടും ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നുണ ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാരും പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചവരെ സിബിഐ പിടികൂടിയത് രാഷ്‌ട്രീയപ്രേരിതമാണെന്ന പുതിയൊരു നുണപ്രചാരണം കൂടി ആരംഭിച്ചിരിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പ്രചരിപ്പിച്ച നുണകള്‍ സിബിഐ അന്വേഷണത്തിലൂടെ പൊളിഞ്ഞതിനു പിന്നാലെയാണ് തിരുവല്ലയിലെ പാര്‍ട്ടിക്കാര്‍ സ്വന്തം നേതാവിനെ തന്നെ കൊലപ്പെടുത്തിയത്. പാര്‍ട്ടിയുടെ പല പ്രാദേശിക ഘടകങ്ങളും വെറും ക്വട്ടേഷന്‍ സംഘങ്ങളായി മാറിയിരിക്കുകയാണെന്ന സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ നുണകള്‍ പ്രചരിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് നേതൃത്വത്തിന് മനസ്സിലായി. ഒട്ടും വൈകാതെ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ മാധ്യമങ്ങളെ കണ്ട് കൊലനടത്തിയത് ആര്‍എസ്എസാണെന്ന നുണ ഒരു രക്തസാക്ഷിയെ കിട്ടിയതിന്റെ സന്തോഷത്തില്‍ വിളിച്ചുപറയുന്നു. മയക്കുമരുന്നു കേസില്‍പ്പെട്ട മകന് ജാമ്യം ലഭിച്ചതോടെ ചെറിയൊരു ഇടവേളയ്‌ക്കുശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണന്‍ ഈ നുണ ആവര്‍ത്തിച്ചുറപ്പിക്കുന്നു. (മകന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജയിലിലായതിനാലല്ല, ആരോഗ്യപ്രശ്‌നം മൂലമാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്ന നുണ എത്ര അഭിമാനത്തോടെയാണ് കോടിയേരി പറഞ്ഞുകൊണ്ടിരുന്നത്.) ഇതിനനുസൃതമായിരിക്കണം അന്വേഷണമെന്ന് മന്ത്രിമാരായ കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും ഔദ്യോഗിക കാറിലെത്തി പോലീസിനെ ഭീഷണിപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. തിരുവല്ലയിലെ ആര്‍എസ്എസിനെതിരായ നുണപ്രചാരണത്തിനു പിന്നില്‍ സിപിഎമ്മിന് മറ്റൊരു ഹീന ലക്ഷ്യവുമുണ്ട്. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ചരിത്രമില്ലാത്ത ഈ പ്രദേശത്തെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്തുക. രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് പ്രേരണ നല്‍കുക. സംഘപരിവാറിലെ ആരെയാണ് കൊലപ്പെടുത്തേണ്ടതെന്ന് സിപിഎം നേതൃത്വം ഇപ്പോള്‍ തന്നെ കണ്ടുവച്ചിട്ടുണ്ടാവും.
സിപിഎം നേതാക്കള്‍ പൊതുവെ മാന്യന്മാരാണ്, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടാണ് അവര്‍ക്ക് ചിലപ്പോഴൊക്കെ നുണ പറയേണ്ടി വരുന്നതെന്നുമാണ് സാധാരണഗതിയില്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ ചിന്തിക്കുന്നത്. ഇതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എതിരാളികള്‍ക്ക് സിപിഎമ്മുകാര്‍ ‘യുക്തിസഹമായി’ അവതരിപ്പിക്കുന്ന നുണകള്‍ പൊളിച്ചടുക്കാന്‍ കഴിയാതെ വരുന്നു. മുന്‍കാലത്ത് പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ വേവിച്ചെടുത്തിരുന്ന, ഇപ്പോള്‍ പാര്‍ട്ടി ആസ്ഥാനത്തു നിന്നും ക്യാപ്സൂള്‍ രൂപത്തില്‍ ലഭിക്കുന്ന നുണകളില്‍ അഭിരമിക്കുന്നവര്‍ ജനങ്ങളുടെ സാമാന്യബോധത്തെ അംഗീകരിക്കുന്നില്ല. നുണകളെ പിന്‍പറ്റി ജീവിക്കുന്നത് അവര്‍ക്ക് ശീലമായിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊലപാതക രാഷ്‌ട്രീയത്തിന്റെ വക്താക്കളായാണ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നത്. 1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മൃഗീയമായി കൊലചെയ്ത കേസില്‍ പിണറായിയും കോടിയേരിയും പ്രതികളായിരുന്നു. പക്ഷേ തങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും ഇരുവരും ഭാവിക്കാറില്ല. സിപിഎം കാലാകാലങ്ങളില്‍ പ്രചരിപ്പിച്ചിട്ടുള്ള നുണകളുടെ സംരക്ഷണം ഇവര്‍ക്ക് ലഭിക്കുന്നു. ഇത് തുറന്നുകാട്ടുന്നതില്‍ രാഷ്‌ട്രീയ എതിരാളികള്‍ക്ക് ഇനിയും വേണ്ടപോലെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
അധികാരത്തിന്റെ നൃശംസതയില്‍ അഭിരമിക്കുകയും, നിരപരാധികളുടെ ചോരകൊണ്ട് നിറംപിടിപ്പിച്ച നുണകളാല്‍ എതിരാളികളെ കടന്നാക്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് സിപിഎമ്മിന്റേത്. വേട്ടക്കാരായിരുന്നുകൊണ്ടുതന്നെ ഇരകളുടെ പരിവേഷം എടുത്തണിയാനുള്ള ഇക്കൂട്ടരുടെ സാമര്‍ത്ഥ്യത്തില്‍ എതിരാളികള്‍ പലപ്പോഴും നിഷ്പ്രഭരായിപ്പോകുന്നു. സത്യം ചെരുപ്പിടാന്‍ തുടങ്ങുന്നതിന് മുന്‍പ് നുണലോകം ചുറ്റിയിരിക്കും എന്നാണല്ലോ ചൊല്ല്. ഇത് എപ്പോഴെങ്കിലുമൊരിക്കല്‍ സംഭവിക്കുന്നതല്ല. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന നുണകളുടെ സഞ്ചാരം സിപിഎമ്മിന് നല്‍കുന്ന കരുത്ത് അപാരമാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: