വിളപ്പില്‍: ഒരു വ്യക്തി ചിലപ്പോള്‍ ഒരു പ്രസ്ഥാനമായി മാറുന്ന അപൂര്‍വം സന്ദര്‍ഭമുണ്ട് നമുക്കുചുറ്റും. സാമൂഹ്യമാറ്റത്തിനു വേണ്ടി, മനുഷ്യാവകാശങ്ങള്‍ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നവര്‍. തിരുവനന്തപുരം കാഞ്ഞിരംപാറ മരുതന്‍കുഴി പാലാഴിയില്‍ കുസുമം ആര്. പുന്നപ്ര അങ്ങനൊരു പ്രസ്ഥാനമായി മാറിയ പെണ്‍പോരാളിയാണ്.
സ്വകാര്യ- അണ് എയിഡഡ് മേഖലകളിലെ അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്രകണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെ കാണില്ല. ടോയ്ലറ്റില് പിഴിഞ്ഞുകളയുന്ന അമ്മയുടെ മുലപ്പാല്‍ കുടിക്കുവാനുള്ള അവകാശം അസംഘടിത മേഖലയിലെ ശബ്ദമില്ലാത്ത സ്ത്രീകളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതിനെതിരെ ആരംഭിച്ചതാണ് കുസുമത്തിന്റെ പോരാട്ടം. ആദ്യ പോരാട്ടത്തിന്റെ വിജയം കുസുമത്തിലെ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഊര്‍ജ്ജമായി.
പിന്നെ പ്രസവാനുകൂല്യങ്ങള്‍ ഐടി കമ്പനി ജീവനക്കാരികള്‍ക്ക് ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ വീണ്ടും പോരിനിറങ്ങി. രാജ്യതലസ്ഥാനം വരെയുള്ള അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നിലേക്ക് ഈ പോരാട്ടം നീണ്ടപ്പോള്‍, കേരളത്തില്‍ മാത്രം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തിലധികം സ്ത്രീകളാണ് അതിന്റെ ഗുണഭോക്താക്കളായി മാറിയത്. അതേ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗുണഭോക്താക്കളുടെ സംഖ്യ പിന്നെയും ലക്ഷങ്ങളായി മാറി. ആ ചരിത്രനേട്ടത്തിന്റെ കാരണക്കാരിയതില് അഭിമാനമുണ്ട് കുസുമത്തിന്.
2014 ജൂണ്‍ 27ന് സംസ്ഥാന വനിതാകമ്മീഷനില്‍ തുടങ്ങിയ കുസുമത്തിന്റെ പോരാട്ടം 2017 മാര്‍ച്ച് 9ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ ബില്ല് പാസ്സാക്കുന്നിടം വരെ ഏകദേശം മൂന്നുവര്‍ഷം തുടര്‍ന്നു. ഇതേ രീതിയില്‍ സ്വകാര്യ മേഖലയിലുള്ള സ്ക്കൂളുകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, നഴ്സിംഗ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്കും പ്രസവാനുകൂല്യം നേടിക്കൊടുത്തത് കുസുമത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ.
സര്‍ക്കാരിന്റെ പക്കല്‍ യാതൊരുവിധ കണക്കുമില്ലാതെ മുക്കിനുമുക്കിന് കൂണുകള്‍ പോലെ പെരുകുന്ന ഹോം നഴ്സിംഗ് ഏജന്‍സികള്‍ക്കെതിരെ വിവരാവകാശം തിരഞ്ഞിറങ്ങിയ കുസുമം, ആ പോരാട്ടത്തിലാണിപ്പോള്‍. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് കുസുമത്തിന് ലഭിച്ച വിവരാവകാശ മറുപടി ഇത്തരം ഏജന്‍സികളെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ പരിശീലനമില്ലാത്ത നഴ്സുമാരെ ഫീല്‍ഡില്‍ ഇറക്കുന്ന ഗുരുതര പ്രശ്നത്തിനെതിരെയാണ് കുസുമം പോരിനിറങ്ങിയിരിക്കുന്നത്.
നല്ലൊരു സാഹിത്യകാരികൂടിയാണ് കുസുമം. കഥ, നോവല്‍, ലേഖനങ്ങള്‍ എന്നിങ്ങനെ എഴുത്തിന്റെ എല്ലാ മേഖലയിലും വ്യാപൃത. ഒപ്പം അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള നെട്ടോട്ടവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: