ന്യൂദല്‍ഹി : ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിക്ക് രാജ്യം യാത്രാമൊഴി നല്കി. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ബ്രാര്‍ സ്ക്വയറിലേക്കെത്തിച്ചു. ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 3.30ഓടെയാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറിലാണ് അന്തിമ സംസ്കാര ചടങ്ങുകള്‍ നടന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
3.30ഓടെ ബ്രാര്‍ സ്ക്വയറില്‍ വിലാപയാത്രയായാണ് ബിപിന്‍ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തിന്റേയും മൃതദേഹം എത്തിച്ചത്. ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. വിദേശ നയതന്ത്ര പ്രതിനിധികളും കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കരസേനാ മേധാവി എം.എം. നരവനെ തുടങ്ങി മൂന്ന് സൈനിക വിഭാഗങ്ങളിലെ ഉന്നതര്‍ സംയുക്ത സൈനിക മേധാവിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ മക്കളായ കൃതികയും ഹരിണിയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് ബിപിന്‍ റാവത്തിനെ രാജ്യം യാത്രയാക്കിയത്.
ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, മനുഷ്ക് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബാനന്ദ സോനോവാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെക്കൂടാതെ, കര്‍ഷക സംഘടനയായ ഭാരത് കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്ത് 2020 ജനുവരി ഒന്നിനാണ് റാവത്ത് ചുമതലയേറ്റത്. 1978 ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പിതാവും അതേ യൂണിറ്റിലായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധമുറകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎന്‍ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയില്‍ േസവനമനുഷ്ഠിച്ചിട്ടുണ്ട്.
2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. 2020 ജനുവരി ഒന്നിന് സംയുക്ത സേനാ മേധാവിയായി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് റാവത്ത് രക്ഷപ്പെട്ടിരുന്നു. പരമവിശിഷ്ട സേവാ മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാമെഡല്‍, യുദ്ധ് സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയ സൈനിക ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക. സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായായിരുന്നു മധുലികയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒകളില്‍ ഒന്നാണ് ഇത്. സൈനിക വിധവകളെയും ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാംപെയ്നുകളുടെയും ഭാഗമായി മധുലിക റാവത്ത് പ്രവര്‍ത്തിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര് മരിച്ചു. ഗുരുതരമായി പരിക്കറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ബെംഗളൂരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: