ന്യൂദല്‍ഹി: പ്രിയതമന് അന്തിമാജ്ഞലി അര്‍പ്പിക്കാനാണ് ഗീതിക, മകള്‍ ആഷ്ന ക്കൊപ്പം പാലം വ്യോമത്താവളത്തിലെത്തിയത്. കണ്ണീരണിഞ്ഞു നിന്ന ഗീതിക, വിങ്ങിപ്പൊട്ടി നിന്ന കൃതികയെയും തരിണിയെയും ചേര്‍ത്തുപിടിച്ചു; ‘തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛന്’!’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനൊപ്പം മരിച്ച ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ ഭാര്യയാണ് ഗീതിക. കൃതികയയും തരിണിയയും ബിപിന്‍ റാവത്തിന്റെ മക്കളും.
പ്രിയതമന്റെ വേര്‍പാടില്‍ ദുഖം അണപൊട്ടുമ്പോഴും അഭിമാനവാക്കുകളോടെ ആശ്വാസം കണ്ടെത്താനാണ് ധീരജവാന്റെ പ്രിയപത്നി ശ്രമിച്ചത്. തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നില്‍ ഗീതിക മകള്‍ ആഷ്നക്കോപ്പം തലകുമ്പിട്ടു; ചുംബിച്ചു.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദല്‍ഹി കാന്റില്‍ ശ്മശാനത്തില്‍ സംസ്കരിക്കും. മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.
ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ദല്‍ഹിയിലെ വസതിയില്‍ എത്തിക്കും. 11.30 മുതല്‍ പൊതുദര്‍ശനം. ഒരു മണിക്കൂര്‍ പൊതുജനങ്ങള്‍ക്കും ഒരു മണിക്കൂര്‍ സൈനികര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാം. 1.30 ന് ശേഷം ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കാരം.
ബ്രിഗേഡിയര്‍ എല്‍. എസ് ലിഡ്ഡറിന്റെ സംസ്കാരം രാവിലെ 9.30ന് ഡല്‍ഹി കാന്റില്‍ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
രാത്രി എട്ട് മണിയോടെയാണ് പാലം വിമാനത്താവളത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്.സൈനികരുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് കുടുംബാംഗങ്ങള്‍ കണ്ണീരോടെ വിടചൊല്ലി.
കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ. ചൗധരി എന്നിവര്‍ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നല്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പിന്നാലെയെത്തി. ഒന്‍പതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഓരോ പേടകത്തിനും മേല്‍ പൂക്കള്‍ വിതറി. സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ കൂപ്പുകൈകളോടെ നിന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: