കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വർഷവും ഓരോ ഭാരതീയ ഭാഷകൾക്കാണ് അവാർഡ്. ഇത്തവണ മലയാളത്തിനായിരുന്നു സമ്മാനം.
439 എൻട്രികളിൽ നിന്നും അവസാന റൗണ്ടിലെത്തിയതു് പ്രൊഫ.ശിവദാസിന് പുറമെ സിപ്പി പള്ളിപ്പുറം, ഡോ.കെ.ശ്രീകുമാർ, പള്ളിയറ ശ്രീധരൻ എന്നിവരായിരുന്നു. രചനകളിലെ വൈവിധ്യവും പുതുമയും ശാസ്ത്രീയ വീക്ഷണവും അന്താരാഷ്‌ട്ര പ്രസക്തിയുമാണ് പ്രൊഫ.ശിവദാസിനെ അവാർഡിനർഹനാക്കിയതെന്ന് ജൂറി വിലയിരുത്തി. ഇരുനൂറിലേറെ കൃതികളുടെ കർത്താവാണ് പ്രൊഫ.ശിവദാസ്. കോട്ടയം സ്വദേശിയായ അദ്ദേഹം അദ്ധ്യാപകൻ, ശാസ്ത്രസാഹിത്യ പ്രചാരകൻ, പത്രാധിപർ, പേരൻ്റിങ് വിദഗ്‌ദ്ധൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
ഡിസംബർ പത്തിന് വൈകിട്ട് നാലിന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് അക്കാദമി പ്രസിഡണ്ട് വൈശാഖൻ പുരസ്കാരം നൽകും. മികച്ച ഇല്ലസ്ട്രേട്ടർക്കുള്ള അവാർഡ് ദൽഹി സ്വദേശി ദീപബൽസവറിനാണ്. പ്രൊഫ.ശിവദാസിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ എമിററ്റസ് ഫെല്ലോഷിപ്പ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാർഡുകൾ, എൻ.സി.ഇ.ആർ.ടി അവാർഡ് , എൻ.സി.എസ്.ടി.സി.അവാർഡ്, ഭീമാ അവാർഡ്, കൈരളി ചിൽറൺസ് ബുക്ക് ട്രസ്റ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ സുമ ശിവദാസ് വിരമിച്ച പ്രഥമാദ്ധ്യാപികയും പാചകവിദഗ്‌ദ്ധയും എഴുത്തുകാരിയുമാണ്. അപു, ദിപു എന്നിവർ മക്കൾ. ” മലയാള ഭാഷയ്‌ക്കും ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിനും കിട്ടിയ അംഗീകാരമായി ഈ അവാർഡിനെ കണക്കാക്കുന്നു”വെന്ന് പ്രൊഫ.ശിവദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: