ഊട്ടി: കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തൊട്ടുമുന്‍പുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് തമിഴ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം, ഹെലികോപ്റ്റര്‍ അപകടത്തില്‍ ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ കണ്ടെത്തി. വ്യോമസേനയുടെ അന്വേഷണ സംഘമാണ് റെക്കോര്‍ഡര്‍ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ അപകട കാരണം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള വ്യോമ സേനാ സംഘം പരിശോധന തുടരുകയാണ്.
വ്യോമ സേനാ മേധാവി കൂനൂരിലെ സംഭവ സ്ഥലത്തെത്തി. വ്യോമസേനാ സംഘം നടത്തുന്ന പരിശോധനയുടെ പുരോഗതി വിലയിരുത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് ഉള്ളത്. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: