ന്യൂദല്‍ഹി : ഹെലിക്കോപ്ടര്‍ തകര്‍ന്ന് അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേ മൃതദേഹം ഇന്ന് വൈകീട്ടോടെ ദല്‍ഹിയിലേക്ക് കൊണ്ടുവരും. ഇതോടൊപ്പം അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും സൈനിക വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിക്കും. ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ വ്യോമദുരന്തം ഉണ്ടായത്. ബിപിന്‍ റാവത്തും ഭാര്യയും ഓഫീസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 14 പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം17വി5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ദുരന്തത്തില്‍ മാരകമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ദല്‍ഹിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ അപകടം സംഭവിക്കുകയായിരുന്നു. ബിപിന്‍ റാവത്തും ഭാര്യയും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആദ്യ വിവരങ്ങള്‍. പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ കണ്ട് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗവും പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
ശേഷം പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചതിന് ശേഷമാണ് ബിപിന്‍ റാവത്തിന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.
അപകടത്തിന്റെ അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഇപ്പോഴുള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന് വിശദമായ പ്രസ്താവന രാജ്‌നാഥ് നടത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്.
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. അസി. വാറന്റ് ഓഫീസര്‍ എ. പ്രദീപ് ആണ് മരിച്ചത്. അറക്കല്‍ രാധാകൃഷ്ണന്റെ മകനായ പ്രദീപ് തൃശൂര്‍ സ്വദേശിയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കും ആയി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടം സംഭവിക്കുന്നത്.
അതിനിടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മറ്റ് സായുധ സേനാംഗങ്ങളെയും നിര്യാണത്തില്‍ വിദേശരാജ്യങ്ങള്‍ അനുശോചിച്ചു. അമേരിക്കയും, റഷ്യയും ബ്രിട്ടണും, ഫ്രാന്‍സും, യൂറോപ്യന്‍ യൂണിയനും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സംഭവം അതീവ ദുഖകരമെന്ന് ഐക്യരാഷ്‌ട്രസഭ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: