ലഖ്നോ: ചുവന്ന തൊപ്പി ഉത്തര്‍പ്രദേശിനുള്ള അപായ മുന്നറിയിപ്പാണെന്നും ചുവന്നതൊപ്പിക്കാര്‍ക്ക് അധികാരത്തില്‍ മാത്രമാണ് താല്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചുവന്ന തൊപ്പി ധരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവിനെ ലാക്കാക്കിയായിരുന്നു മോദിയുടെ ഈ വിമര്‍ശനം. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ അടയാളമാണ് ചുവന്ന തൊപ്പി.
യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ചുവന്ന തൊപ്പിക്കാര് യുപിയ്ക്കുള്ള ചുവന്ന മുന്നറിയിപ്പാണ്. അപായമണി,’- മോദി പറഞ്ഞു.
“ചുവന്ന ലൈറ്റുകളുള്ള കാറുകളില്‍ മാത്രമാണ് അവര്‍ക്ക് താല്പര്യം. ചുവന്ന തൊപ്പിക്കാര് രാം മനോഹര്‍ ലോഹ്യയുടെയും ജയ്പ്രകാശ് നാരായണിന്റെയും ആദര്‍ശങ്ങള്‍ എന്നേ കൈവെടിഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നില്ല. അഴമതിയില്‍ മുങ്ങാനാണ് അവര്‍ക്ക് അധികാരം. അവരുടെ അലമാരകളില്‍ പണവും സ്വത്തുക്കളും നിറയ്ക്കാന്‍, അനധികൃത കയ്യേറ്റങ്ങളും നടത്താന്‍, മാഫിയാകളെ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ അനുവദിക്കാന്‍, തീവ്രവാദികള്‍ക്ക് നേരെ ഉദാരമനസ്കരാകാന്‍, അവരെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍…എല്ലാമാണ് അവര്‍ക്ക് അധികാരം,”- മോദി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: