അഞ്ചാലുംമൂട്: മൂന്ന് പാലങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഒരു പ്രദേശം മുഴുവന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് തലമുറകളുടെ പഴക്കം. അഞ്ചാലുംമൂട് മുതല്‍ കാരാളിമുക്ക് വരെയുള്ള പ്രദേശവാസികളുടെ തലമുറകളായുള്ള സ്വപ്നമാണ് പെരുമണ്‍, കണ്ണങ്കാട്, വെട്ടിയതോട് പാലങ്ങള്‍ ഈ പാലങ്ങള്‍ പൂര്ത്തിയായല് പടിഞ്ഞാറെ കല്ലട നിവാസികള്‍ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റര്‍ കൊണ്ട് കൊല്ലത്ത് എത്താന്‍ സാധിക്കും.
മണ്ട്രോതുരുത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു പാതയായി ഇത് മാറും. ഇതില്‍ പെരുമണ്‍ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. പില്ലറുകളുടെ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെട്ടിയതോട് പാലം അപകടത്തിലായിട്ട് വര്‍ഷങ്ങളായി. കൊടുംവളവുകളോട് കൂടിയ ഈ പാലത്തിന്റെ വളവുകള്‍ മാറ്റി പുതുക്കി പണിയുവാന്‍ ഭരണാനുമതി ലഭിച്ചതിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം ഏറ്റെടുപ്പും വസ്തു ഉടമകളുടെ പ്രശ്നങ്ങളും പറഞ്ഞ് നിരവധി തവണയാണ് ഈ പാലത്തിന്റെ ജോലികള്‍ നീട്ടികൊണ്ടു പോയത്.
പിന്നീട് കൊട്ടിഘോഷിച്ച് വകുപ്പ് മന്ത്രിയെ കൊണ്ട് തറക്കല്ല് ഇടിപ്പിച്ചു. പാലംപണി പതിനെട്ട് മാസം കൊണ്ട് തീര്‍ത്തു തരാനായി കരാറുകാരനെയും ഏല്‍പ്പിച്ചു. പക്ഷേ അധികാരികളുടെ മെല്ല പോക്ക് നയത്തില്‍ ഒരു മാറ്റവുമുണ്ടായില്ല. മാസങ്ങളായിട്ടും ഒരു മണ്ണുമാന്തി യന്ത്രം മാത്രം കൊണ്ട് വന്ന് തറനിരത്തല് മാത്രമാണ് ഇവിടെ നടക്കുന്നത്. തുടക്കത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റോഡ് പണി തുടങ്ങുമ്പോള്‍ ഈ പ്രദേശവാസികളുടെ യാത്ര ദുരിതം ഏറെ സങ്കീര്‍ണ്ണമാകും. അതുകൊണ്ടുതന്നെ നിശ്ചയിച്ച കാലവധിക്കുള്ളില്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ പാതയിലെ പ്രാധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു തലയിണക്കാവ് റെയില്‍വേ ഗേറ്റ് മാറ്റി അടിപ്പാത നിര്‍മ്മിക്കണമെന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടീല്‍ മൂലം രണ്ട് മാസമായി അടിപ്പാത നിര്‍മാണം ഏതാണ്ട് തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. ഇതെല്ലാം പൂര്‍ത്തിയായലും കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ ഇത് കൊണ്ട് ഈ പ്രദേശവാസികള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുകയുള്ളു. കണ്ണങ്കാട് പാലത്തിന്റെ തറക്കല്ലിടല്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതെല്ലാം പൂര്‍ത്തീകരിച്ച് എന്നാണ് ഇതുവഴി സഞ്ചരിക്കാന്‍ കഴിയുകയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: