കോട്ടയം: നഗരത്തിലും വീടുകളിലും ഭീതി ഒഴിയാതെ കഴിയുകയാണ് ജനങ്ങള്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ തിരികെയെത്തുന്നതുവരെ സ്വയം രക്ഷിക്കേണ്ട അവസ്ഥയാണ്. സാമൂഹ്യ വിരുദ്ധരും കഞ്ചാവ് മാഫിയകളും മോഷ്ടാക്കളും നഗരം കൈയടക്കി. വീട്ടിലും പുറത്തും ജനങ്ങള്‍ ഭീതിയോടെ കഴിയണം. വഴിവിളക്കുകള്‍ തെളിയാതെ മിക്ക റോഡുകളും ഇരുട്ടിലാണ്. ബസ്റ്റാന്റുകളാണ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കുന്നത്. ജോലി കഴിഞ്ഞ് രാത്രിയില്‍ വരുന്ന സ്ത്രീകള്‍ക്ക് ബസില്‍ സഞ്ചരിക്കാനും ബുദ്ധിമുട്ടാകുന്നു. സന്ധ്യ കഴിഞ്ഞാല്‍ പൊതുയിടങ്ങള്‍ ലഹരി ഉപയോഗിച്ച് ബോധമില്ലാതെ നില്ക്കുന്നവരുടെ പിടിയിലാകുന്ന സ്ഥിതിയാണ്. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെയാണ് ഉപദ്രവിക്കുന്നത്.രാത്രി പട്രോളിങ്ങിന് പോലീസ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നതല്ലാതെ കാര്യമായ പരിശോധനകളില്ല. യാത്രക്കാരെ സംബന്ധിച്ച് ഇത് വലിയ ആശങ്കയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്തുനിന്നവരെ മദ്യലഹരിയിലായിരുന്നയാള് ആക്രമിക്കാന്‍ ശ്രമിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയം കോംപ്ലക്സിലെ വര്‍ക്ക് ഷോപ്പില്‍ അതിക്രമിച്ചു കയറുകയും ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സമയത്ത് പോലീസ് സമീപത്ത് ഉണ്ടായിരുന്നതായും പറയുന്നു.
നിരവധി അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. അവസാന ട്രിപ്പ് കഴിഞ്ഞ് ജീവനക്കാര്‍ പോയാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുകയാണ് സ്വകാര്യ ബസ്സ്റ്റാന്റുകള്. നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ അതിക്രമിച്ചു കയറി മദ്യപിക്കുകയും, മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്നു. കുറുവ സംഘത്തിന്റെ പേരില്‍ നാട്ടിലെ ക്രിമിനലുകള്‍ രാത്രിയില്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര്ക്ക് അനങ്ങാപ്പാറ നയമാണുള്ളത്. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ പോലീസും റസിഡന്റ്സ് അസോസിയേഷനുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.കോട്ടയം മെഡിക്കല്‍ കോളജും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ചികിത്സ തേടി എത്തുന്ന മെഡിക്കല്‍ കോളേജ് ജില്ലയുടെ അഭിമാനങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഈ ആശുപത്രിയും പരിസരവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരും, ഗുണ്ടാസംഘങ്ങളും, മയക്കുമരുന്നു കഞ്ചാവു സംഘങ്ങളും കാരണം മെഡിക്കല്‍ കോളജിന് ജനങ്ങള്‍ക്കിടയില്‍ ഭീതിയുടെ മുഖമാണ്. ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ചിന്തകളാണ് ജനങ്ങള്‍ക്ക മെഡിക്കല്‍ കോളേജിനെ പറ്റി. നിരവധി ക്രിമിനല്‍ സംഘങ്ങളാണ് ആശുപത്രി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന്, അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്തിട്ടുള്ള അലോട്ടി സംഘം അതിലൊന്നു മാത്രമാണ്.
കുരിശുപള്ളി കവലയ്ക്കു സമീപം ആളിനെ തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്നു. കാന്‍സര്‍ വാര്‍ഡിനു സമീപം തലയ്ക്കടിയേറ്റ് ലോട്ടറി വില്പനക്കാരി മരണപ്പെട്ടിരിന്നു. മെന്‍സ് ഹോസ്റ്റലിനു സമീപം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം. ഇതേ സ്ഥലത്തിനു സമീപം തന്നെയാണ് ഓട്ടോ ഡ്രൈവറെ കൂട്ടിക്കൊണ്ടുവന്ന് പെട്രൊള്‍ ഒഴിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതും. ഗാന്ധിനഗര്‍ പോലീസിന്റെ ഇടപെടലിലൂടെ പ്രതികളെയെല്ലാം പിടികൂടുവാനും ശിക്ഷാ വിധേയരാക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധരെ തുടച്ചുനീക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളേജ് പരിസരം സാമൂഹ്യ വിരുദ്ധര്‍ തമ്പടിച്ചു പ്രവര്‍ത്തിക്കുവാനുള്ള എല്ലാവിധ സൗകര്യങ്ങളുമുണ്ട്. സാമൂഹ്യസംഘടനകള്‍ നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കുന്ന സൗജന്യ ഭക്ഷണം ഇവര്‍ക്ക് ആഹാരത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു. ഇരുന്നൂറോളം ഏക്കറില്‍ പരന്നു കിടക്കുന്ന ഈ സ്ഥലത്തിന്റെ ഏറിയ പങ്കും കാടുപിടിച്ച് വിജനമായി കിടക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളിലൊന്നും വഴിവിളക്കില്ല. ഇത് ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഏറെ സൗകര്യമാണ്. ഇരുട്ടിന്റെ മറവില്‍ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത് ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളുടെയും കോട്ടയം നഗരസഭയുടെയും അധികാര പരിധിയിലാണ് മെഡിക്കല്‍ കോളേജുള്ളത്. ഈ പഞ്ചായത്തുകളോ നഗരസഭയോ ഈ പ്രദേശത്ത് ആവശ്യത്തിന് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകളുടെ അഭാവവും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നുണ്ട്. പോലീസിന്റെ അസാനിദ്ധ്യവും വലിയ ഭീഷണിയാണ്.
മെഡിക്കല്‍ കോളേജിനുള്ളിലും, ആശുപത്രി വാര്‍ഡുകള്‍ക്കുള്ളിലും പോലീസ് നിരീക്ഷണം ശക്തമാക്കേണ്ടതാണ്. ഇപ്പോള്‍ ആശുപത്രിക്കുള്ളില്‍ വിമുക്തഭടന്മാരുടെ സുരക്ഷയുണ്ടെങ്കിലും ഇവര്‍ക്ക് ചില കാര്യങ്ങളില്‍ പരിമിതികളുമുണ്ട്. ശക്തമായ പോലീസ് സാന്നിദ്ധ്യം ഉണ്ടായാല്‍ മാത്രമെ ആശുപത്രിയും പരിസരവും സാമൂഹ്യ വിരുദ്ധരുടെയും മാഫിയകളുടെയും പിടിയില്‍ നിന്നും മോചിപ്പിക്കാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: