തിരുവനന്തപുരം: നിയമന വാഗ്ദാനം നല്കി വഞ്ചിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും വാഗ്ദാനം ചെയ്ത ജോലിനല്കണമെന്നാവശ്യപ്പെട്ടും കായികതാരങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. കായികതാരങ്ങളുടെ കാര്യത്തില്‍ കരുണ കാട്ടാത്ത സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ചര്‍ച്ചയ്ക്കോ വിഷയം അനുഭാവപൂര്‍വം സമീപിക്കാനോ ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. ഇതിനിടെ വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടുകുത്തിനിന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നാണ് സമരക്കാരുടെ പരാതി.
കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങള്‍ പറഞ്ഞു. നിയമനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരാനാണ് തീരുമാനം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കായികതാരങ്ങള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വാഗ്ദാനം മറന്നു. ജോലി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ട് ഡിസംബര്‍ 21ന് ഒരു വര്‍ഷം തികയുകയാണ്. എന്നാല്‍ ഇതുവരെ ജോലിയോ നിയമന ഉത്തരവോ കിട്ടിയിട്ടില്ല.
2010-14 കാലഘട്ടത്തിലെ കായിക താരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്കായി ഇപ്പോഴും സമരം തുടരുന്നത്. കാര്യം കഴിയുമ്പോള്‍ തള്ളിക്കളയുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും കായികതാരങ്ങള്‍ പറയുന്നു. ദേശീയഗെയിംസില്‍ പങ്കെടുത്തവരടക്കം 37 പുരുഷ താരങ്ങളും 34 വനിതാ താരങ്ങളും അടങ്ങുന്ന 71 കായികതാരങ്ങളാണ് സമരം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: