Categories: India

“സമീര്‍ വാങ്കഡെയ്‌ക്കെതിരെ പ്രസ്താവന നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചു”- നവാബ് മാലിക്കിനെതിരെ ബോംബെ ഹൈക്കോടതി

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ പൊതുപ്രസ്താവനകള്‍ നടത്തില്ലെന്ന് കോടതിയ്ക്ക് നല്‍കിയ വാഗ്ദാനം മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.

Published by

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ പൊതുപ്രസ്താവനകള്‍  നടത്തില്ലെന്ന് കോടതിയ്‌ക്ക് നല്‍കിയ വാഗ്ദാനം മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്ക് ലംഘിച്ചെന്ന് ബോംബെ ഹൈക്കോടതി.

താങ്കള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കണമെങ്കില്‍ അതിന്റെ കാരണങ്ങള്‍ ബോധിപ്പിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി ചൊവ്വാഴ്ച എന്‍സിപി നേതാവ് കൂടിയായ നവാബ് മാലിക്കിനോട് ആവശ്യപ്പെട്ടു. മനപ്പൂര്‍വ്വമാണ് കോടതിക്ക് മുന്‍പാകെ നല്‍കിയ ഉറപ്പ് നവാബ് മാലിക്ക് ലംഘിച്ചതെന്നും ബോംബെഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ കതാവാലയും മാധവ് ജാംദാറും അംഗങ്ങളായ  ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധ്യാന്‍ദേവ് വാങ്കഡെ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു. കോടതിക്ക് ഉറപ്പു നല്‍കിയെങ്കിലും നവാബ് മാലിക്ക് ധ്യാന്‍ദേവിന്റെ മകന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ തുടര്‍ച്ചയായി പൊതുപ്രസ്താവനകള്‍ നടത്തുകയായിരുന്നു നവാബ് മാലിക്കെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.

പ്രാദേശിക പത്രങ്ങള്‍ക്ക് നവാബ് മാലിക്ക് നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളും കോടതിയില്‍ വാങ്കഡെയുടെ അഭിഭാഷകന്‍ ബിരേന്ദ്ര സറഫ് സമര്‍പ്പിച്ചു. ഈ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണെന്നും അഭിഭാഷകന്‍ വാദിച്ചു. തന്റെ സ്വന്തം നിലയിലാണ് മാലിക്ക് ഇത്തരം പ്രസ്താവനകള്‍ നടത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു.

‘മാലിക്ക് കോടതിയുടെ ഉത്തരവിനെ മറികടന്നു. കേസില്‍ പ്രതിയായ നവാബ് മാലിക്കിനെതിരെ നടപടി എടുക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണം.,’ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.  

ഇനി ഡിസംബര്‍ 10ന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും. നവമ്പര്‍ 29നാണ് ഈ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി മാലിക്കിനോട് നിര്‍ദേശിച്ചിരുന്നത്. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് 1.25 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പട്ടാണ് ധ്യാന്‍ദേവ് വാങ്കഡെ കേസ് ഫയല്‍ ചെയ്തത്. ട്വിറ്ററില്‍ സമീര്‍ വാങ്കഡെയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിച്ചതും അച്ഛന്‍ മുസ്ലീമായിരുന്നിട്ടും ജോലികിട്ടാന്‍ പിന്നാക്കജാതിയില്‍പ്പെട്ട വ്യക്തിയായി നടിച്ചുവെന്നും മാലിക്ക് ആരോപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക