ന്യൂദല്‍ഹി: ചൈനയ്ക്കും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ വെല്ലുവിളിയുയര്‍ത്തിയാണ് ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധമേഖലയിലെ സഹകരണം ദല്‍ഹി ഉച്ചകോടിയില്‍ ദൃഢമാക്കിയത്. യുഎസും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ നാളുകളില്‍ ഇന്ത്യ- റഷ്യ ബന്ധം എത്രത്തോളം ഊഷ്മളമായിരുന്നോ അതേ നിലവാരത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് റഷ്യന്‍ പ്രസിഡന്റ് പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞത്.
ന്യൂദല്‍ഹി ഉച്ചകോടിയില്‍ മോദിയും പുടിനും തമ്മില്‍ സൗഹൃദത്തിന്റെ, വ്യാപാരത്തിന്റെ പ്രതിരോധസഹകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതോടെ ദുര്‍ബലമായിപ്പോയെന്ന് കരുതുന്ന ഇന്ത്യ-റഷ്യ ബന്ധം വീണ്ടും സുദൃഢമായി.
ഇന്ത്യ-റഷ്യ വ്യാപാരബന്ധം 2025ല്‍ 3000 കോടി ഡോളര്‍ ആക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം. റഷ്യയുടെ നിക്ഷേപം 5000 കോടി ഡോളറാക്കി ഉയര്‍ത്തുമെന്നും മോദി പറയുന്നു.
അമേരിക്കയുടെ താക്കീത് മറികടന്ന് എസ്-400 എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം ഇന്ത്യ വാങ്ങിയെന്നത് ഇന്ത്യയോടുള്ള റഷ്യയുടെ വിരോധം മുഴുവന്‍ ഒലിച്ചുപോകാന്‍ കാരണമായി. അഞ്ച് എസ്-400 വാങ്ങാന്‍ ഇന്ത്യ ഏകദേശം 41,000 കോടി രൂപയാണ് ചെലവാക്കുന്നത്. ചൈന, പാകിസ്ഥാന് അതിര്‍ത്തികളിലെ വര്‍ത്തമാന സാഹചര്യത്തില്‍ എസ് 400 ന്റെ വരവ് ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്തേകുമെന്നതില്‍ സംശയമേതുമില്ല. റഷ്യയില്‍ നിന്നും എസ്- 400 വാങ്ങിയതിന് തുര്‍ക്കിക്ക് വരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട് അമേരിക്ക. കാസ്റ്റ (അതായത് അമേരിക്കയുടെ ശത്രുക്കളുമായി പ്രതിരോധ സഹകരണത്തില്‍ ഏര്‍പ്പെട്ടാല്‍ ശിക്ഷയായി നടപ്പാക്കുന്ന ഉപരോധം) ഉപരോധം പക്ഷെ അമേരിക്ക ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കില്ല. അമേരിക്കയുടെ വിദ്വേഷം അലിയിപ്പിച്ച് കളയാന്‍ മറ്റ് സഹകരണങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതായത് റഷ്യയെ കൂടുതല്‍ അടുപ്പിച്ചുവെന്ന് മാത്രമല്ല, അമേരിക്കയെ വെറുപ്പിക്കാതെ കാര്യം സാധിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം.
ഇന്ത്യയിലേക്കുള്ള പുടിന്റെ വരവ് ഏറ്റവുമധികം വിറളിപിടിപ്പിച്ചത് ചൈനയെയാണ്. അവരുടെ നിതാന്തമിത്രം എന്നാണ് റഷ്യയെ ചൈന കരുതിവെച്ചിരുന്നത്. എന്നാല്‍ റഷ്യയുമായി ഇന്ത്യയ്ക്കുമുണ്ട് സുദൃഢബന്ധമെന്ന് ചൈനയെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില്ലറക്കാര്യമല്ല. ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങും റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊഗോയും തമ്മില്‍ വരും വര്‍ഷങ്ങളില്‍ സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതും ചൈനയ്ക്ക് ഭീഷണിയാണ്.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ആറ് ലക്ഷം എകെ 203 റൈഫിളുകള്‍ റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിക്കാന്‍ ഒപ്പുവെച്ച കരാറും നിര്‍ണ്ണായകമാണ്. പത്ത് വര്‍ഷത്തേക്കുള്ള സൈനിക സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉറപ്പിച്ചിരിക്കുന്നത്.
സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഒരു ദീര്‍ഘകാല കാഴ്ചപ്പാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ സുഗമമാക്കാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ മണ്ണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനത്തിനോ അഭയത്തിനോ ആസൂത്രണത്തിനോ ധനസഹായത്തിനോ ഉപയോഗിക്കരുതെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയതായി ഇന്ത്യയുടെ വിദേശ സെക്രട്ടറി ശ്രിംഗ്ല പറഞ്ഞു.
പൊതുതാല്‍പര്യങ്ങളുള്ള പ്രാദേശിക, അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദസംഭാഷണങ്ങള്‍ ഇരു നേതാക്കളും നടത്തി. ആദ്യമായി ഇരുരാജ്യങ്ങളിലെയും പ്രതിരോധ, വിദേശ മന്ത്രിമാര്‍ തമ്മില്‍ 2+2 സംഭാഷണം തുടങ്ങിവെച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള സംവിധാനമായി മാറും.
അഫ്ഗാന് സാഹചര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും മയക്കമരുന്നിനെതിരായ സമരവും തീവ്രവാദം അടിച്ചമര്‍ത്താനുള്ള ആഗോളയുദ്ധവും പ്രധാനമാണെന്നും പുടിന് പറഞ്ഞതും ശ്രദ്ധേയമാണ്. ഇന്ത്യ ആഗ്രഹിച്ച വാക്കുകളാണ് പുടിന്റെ നാവിലൂടെ പുറത്തുവന്നത്.
തീവ്രവാദവും മൗലികവാദവും മയക്കമരുന്ന് കടത്തും അതിര്‍ത്തിക്ക് കുറുകെയുള്ള ആസൂത്രിത കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാന്‍ ഇരു രാഷ്ട്രങ്ങളും പുറത്തിറക്കിയ സംയുക്തപ്രസ്താവനയും ഇന്ത്യ-റഷ്യ ബന്ധത്തിലെ മുന്നേറ്റത്തിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: