കൊഹിമ: സംസ്ഥാനത്ത് സൈന്യം നടത്തിയ വെടിവെപ്പിലും തുടര്‍ന്നുള്ള സംഘര്‍ഷത്തിലും 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്ന ആവശ്യവുമായി നാഗാലാന്‍ഡ്. സംസ്ഥാനത്ത് അഫ്സ്പ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് കത്ത് നല്‍കും.
അഫ്സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തര ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നല്കുന്ന നിയമം പിന്‍വലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു.
ഇതിനിടെ, നാഗാലാന്‍ഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോണ്‍ബില്‍ ഫെസ്റ്റിവലും നിര്‍ത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങള്‍ ആഘോഷങ്ങളില്‍ നിന്നു പിന്മാറി. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ വ്യത്യസ്ത സമൂഹങ്ങള്‍ അവരുടെ സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന ഫെസ്റ്റിവല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഡിസംബര്‍ ഒന്നിനാണ് ഫെസ്റ്റിവലില്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ പങ്കെടുത്തിരുന്നു. വെടിവയ്പിനെതിരെ കൊഹിമ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മോണ്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ സേവനം റദ്ദാക്കി, നിരോധനാജ്ഞയുമുണ്ട്. സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് നാഗാ സ്റ്റുഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ അടക്കം ഉള്‍പ്പെടുത്തി ആറാഴ്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോടും മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: