ന്യൂദല്‍ഹി: ഏഷ്യാ പസഫിക് മേഖലയിലെ കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ഇടം പിടിച്ച് ഇന്ത്യ. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഏഷ്യാ പവര്‍ സൂചിക 2021ലാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്.
ഇന്തോ-പസഫിക് മേഖലയില്‍ സമഗ്രമായ കരുത്തിന്റെ കാര്യത്തില്‍ 26 രാഷ്ട്രങ്ങളിലും പ്രദേശങ്ങളിലും വെച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. കോവിഡ് മഹാമാരിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട നിലയില്‍ പ്രകടനം നടത്താമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷിക ഏഷ്യാ പവര്‍ ഇന്‍ഡക്സ് ആദ്യമായി പുറത്തിറക്കിയത്. ഓരോ രാജ്യങ്ങളുടെയും വിഭവങ്ങളും ഏഷ്യയിലെ സ്വാധീനവും ആണ് പ്രധാന അളവുകോല്‍. സാമ്പത്തിക കഴിവ്, സൈനിക കരുത്ത്, അതിജീവനശേഷി, സാംസ്കാരിക സ്വാധീനം എന്നീ അളവുകോലുകളിലാണ് ഇന്ത്യയ്ക്ക് നാലാം സ്ഥാനം ലഭിച്ചത്. ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ പത്ത് റാങ്കുകള്‍ ഇങ്ങിനെയാണ്: യുഎസ്, ചൈന, ജപ്പാന്, ഇന്ത്യ, റഷ്യ, ആസ്ത്രേല്യ, തെക്കന്‍ കൊറിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലാന്റ്.
ഭാവി വിഭവ മാനദണ്ഡത്തില്‍ ഇന്ത്യയുടെ നിലവാരം ഏറെ മെച്ചപ്പെട്ടതാണ്. യുഎസിനും ചൈനയ്ക്കും കീഴില്‍ ഇക്കാര്യത്തില്‍ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഏഷ്യയില്‍ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറേണ്ടതായിരുന്നു. ഏന്നാല്‍ കോവിഡ് മഹാമാരിയാണ് ഇന്ത്യയുടെ വളര്‍ച്ച നഷ്ടപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് തന്നെ 2030ല്‍ ഇന്ത്യയ്ക്ക് ഒരു ചുരുങ്ങിയ സാമ്പത്തിക ഭാവിയാണ് പ്രവചിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പല സൂചികകളിലൂടെ ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. സൈനിക ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ 0.5 പോയിന്റിന്റെ നേട്ടമുണ്ടാക്കി. അതിജീവനത്തിന്റെ കാര്യത്തില്‍ (പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെട്ട് പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ്) ഇന്ത്യ 1.7 പോയിന്റിന്റെ നേട്ടമുണ്ടാക്കി.
പ്രതിരോധ ശൃംഖലകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ക്വാഡ് എന്ന പേരില്‍ ചൈനീസ് അധീശത്വത്തിനെതിരെ ആസ്ത്രേല്യ, യുഎസ്, ജപ്പാന് എന്നീ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രതിരോധ സുരക്ഷാ സംവിധാനം ഇന്ത്യയുടെ പ്രാദേശിക പ്രതിരോധ നയതന്ത്രത്തിലെ പുരോഗതിയെ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ്. എന്തായാലും യുഎസും ചൈനയുമാണ് ഏഷ്യയില്‍ ഇപ്പോഴും എല്ലാ മേഖലയിലും മുന്നില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: