ന്യൂദല്‍ഹി : അസം കവിയും സാഹിത്യകാരനുമായ നില്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരനുമായ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. നീല്‍മണി ഫൂക്കനു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരവും ദാമോദര്‍ മൊസ്സോയ്ക്ക് ഈ വര്‍ഷത്തെ പുരസ്കാരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അസം സാഹിത്യത്തിലെ സിംബോളിക് കവിയെന്ന പേരില്‍ അറിയപ്പെടുന്ന നീല്‍മണി ഫൂക്കന് കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ഫൂക്കന്റെ പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്മശ്രീ നല്കി ആദരിച്ച കവി കൂടിയാണ് നീല്‍മണി ഫൂക്കന്. സൂര്യ ഹേനോ നമി അഹേ ഈ നദിയേദി, ഫുലി തക സൂര്യമുഖി ഫുല്‍തോര്‍ ഫാലെ, കബിത എന്നിവയാണ് പ്രധാന കൃതികള്‍.
ഗോവന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് ദാമോദര്‍ മൊസ്സോ. കാര്മേലിന്, സുനാമി സൈമണ്‍, ഗാഥണ്‍, സാഗ്രണ, സപന്‍ മോഗി തുടങ്ങിയവയാണ് മൊസ്സോയുടെ പ്രധാനകൃതികള്‍. കാര്മേലിന് എന്ന നോവലിന് 1983 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 2011-ല്‍ സുനാമി സൈമണ്‍ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്കാരവും ലഭിച്ചു. സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ്, ജനറല്‍ കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: