തിരുവനന്തപുരം : സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ സംഘടനകളുടെ എതിര്‍പ്പ് തള്ളി കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ(കെഎഎസ്) അടിസ്ഥാന ശമ്പളം 81800 തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. എന്നാല്‍ ഇവര്‍ക്കുള്ള ഗ്രേഡ് പേ മാത്രം ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് പേ, എച്ച്ആര്‍എ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ് ഇറങ്ങിയത്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും.
എന്നാല്‍ ഇതിനുപകരം വാര്‍ഷിക ഇന്‍ക്രിമെന്റ് ഉള്‍പ്പെടുത്തി. പരിശീലനം കഴിയുമ്പോള്‍ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റ് നല്‍കും. ഇതോടെ സ്പെഷ്യല്‍ പേ നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഐഎഎസ് അസോസിയേഷന്.
കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷ്യല്‍ പേ നല്‍കണമെന്ന ആവശ്യവുമായി ഐഎഎസ് അസോസിയേഷന് ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. ഇതെല്ലാം തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: