തൊടുപുഴ: വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടര്‍ 60 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തി. സെക്കന്‍ഡില്‍ 60000 ലിറ്റര്‍ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്. മൂന്നാം നമ്പര്‍ ഷട്ടറാണ് ചൊവ്വാഴ്ച രാവിലെ ആറിന് 40 സെന്റീമീറ്റര്‍ തുറന്നത്.
തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.90 അടിയായി ഉയര്‍ന്നു. പെരിയാര്‍ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വന്‍തോതില്‍ കൂടിയത്. 112 മില്ലിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച അവിടെ പെയ്തത്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറില്‍നിന്ന് പെരിയാറിലേക്ക് വന്‍തോതില്‍ വെള്ളമൊഴുക്കുന്നതിനാലും ഇടുക്കിയിലെ ജലനിരപ്പ് അതിവേഗം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ചെറുതോണിയിലെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. 40മുതല്‍ 150 ക്യൂമെക്സ് വെള്ളംവരെ പുറത്തേക്ക് ഒഴുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
തിങ്കളാഴ്ച 2401 അടിയായപ്പോള്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ വീണ്ടും ജലനിരപ്പ് കൂടി. രാത്രി ഒന്‍പതോടെ 2401.12 അടിയാവുകയായിരുന്നു. ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതിനിടെ തീരദേശവാസികളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ത്ഥനയ്ക്കും പുല്ലുവില നല്കി തമിഴ്നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു. ഇതോടെ അനവധി വീടുകളില്‍ വീണ്ടും വെള്ളം കയറി. ആയിരക്കണക്കിനാളുകള്‍ ഭീതിയിലായി. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളം (3,58,326 ലിറ്റര്‍) ആണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. സീസണില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വെള്ളം വിടുന്നത്. ജലനിരപ്പ് 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ്നാടിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി 27 മണിക്കൂറിനിടെ എട്ടു തവണയാണ് ഡാം തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: